പത്തനംതിട്ട- കാമുകന്റെ ഭാര്യയെ ആശുപത്രിയില്‍ എത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അനുഷയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അനുഷയ്ക്ക് പുറത്തുനിന്ന് സഹായം കിട്ടിയിരുന്നോ എന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. വധശ്രമത്തിന് ഇരയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ പോാലീസ് വീണ്ടും ചോദ്യം ചെയ്യും.
അരുണിന്റെ ഫോണും പോലീസ് പിടിച്ചെടുത്തു. അനുഷയുമായുള്ള വാട്‌സ്ആപ്പ് മെസേജ് നീക്കം ചെയ്ത നിലയിലാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കസ്റ്റഡിയില്‍ വാങ്ങിയശേഷം അനുഷയെയും അരുണിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിടുണ്ട്. കൂടാതെ അനുഷയുടെ ഭര്‍ത്താവിനേയും മുന്‍ ഭര്‍ത്താവിനേയും പൊലീസ് ബന്ധപ്പെടും. കോളജ് പഠന കാലം മുതല്‍ അനുഷയും അരുണും സ്‌നേഹത്തിലാണ്. വിവാഹം കഴിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിരിയുകയായിരുന്നു.
അനുഷയുടെ ആദ്യ വിവാഹം കൊല്ലം നീണ്ടകര സ്വദേശിയുമായിട്ടായിരുന്നു. 7 മാസം മാത്രമാണ് ഈ ബന്ധം നീണ്ടത്. അനുഷയുടെ പെരുമാറ്റം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അരുണുമായി ബന്ധം തുടര്‍ന്നതും വിവാഹം വേര്‍പിരിയാന്‍ കാരണമായി. അനുഷയുടെ രണ്ടാം വിവാഹം 7 മാസം മുന്‍പായിരുന്നു. ഗള്‍ഫില്‍ ജോലിയുള്ളയാളാണ് ഭര്‍ത്താവ്. ആദ്യ വിവാഹം വേര്‍പെടുത്തിയപ്പോള്‍ തന്നെ അരുണിനൊപ്പം ജീവിക്കാന്‍ അനുഷ ആഗ്രഹിച്ചിരുന്നു.
അരുണിനോട് അനുവാദം വാങ്ങിയാണ് പ്രതി അനുഷ പരുമല ആശുപത്രിയില്‍ എത്തിയത്. പ്രസവശേഷം വിശ്രമിക്കുന്ന ഭാര്യയെ കാണാന്‍ വരും എന്ന് മാത്രമാണ് പറഞ്ഞത്. കൊലപാതക ശ്രമം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നുമാണ് അരുണ്‍ പൊലീസില്‍ മൊഴി നല്‍കിയത്.