ന്യൂദല്‍ഹി- മണിപ്പുരില്‍ രണ്ടുജില്ലകളിലായുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മെയ്ത്തി ഭൂരിപക്ഷ മേഖലയായ ബിഷ്ണുപുരിലും കുക്കി ഭൂരിപക്ഷമുള്ള ചുരാചന്ദ്പുരിലും ശനിയാഴ്ച പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ മെയ്ത്തി വിഭാഗത്തില്‍നിന്നുള്ളവരും രണ്ടുപേര്‍ കുക്കി വിഭാഗത്തില്‍നിന്നുമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ മേയ് മൂന്നിനാരംഭിച്ച മണിപ്പുരിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 187 ആയി .
പുതിയ സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഇരുവിഭാഗങ്ങളും എതിര്‍പക്ഷമാണ് ആദ്യം ആക്രമിച്ചതെന്നാണ് അവകാശപ്പെടുന്നത്. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. സംഘര്‍ഷങ്ങളില്‍ ഒരു പോലീസുകാരനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണംചെയ്തതായി അധികൃതര്‍ അറിയിച്ചു. വീണ്ടും സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവ് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് ജില്ലകളില്‍ വെട്ടിക്കുറച്ചു. മുമ്പ് രാവിലെ അഞ്ചുമുതല്‍ വൈകീട്ട് ആറുവരെ ലഭിച്ചിരുന്ന ഇളവ് രാവിലെ പത്തരവരെയാക്കി ചുരുക്കി. മണിപ്പുരിലെ സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ എന്തിനാണ് പദവിയില്‍ തുടരാന്‍ അനുവദിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.