മുംബൈ- കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കി വിവാദത്തിലായ ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത റിലയന്‍സിന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന വിദ്യാഭ്യാസ സ്ഥാപനം ആദ്യ വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷ്യമിട്ടത് 100 കോടി രൂപയുടെ ലാഭം. റിലയന്‍സ് ഫൗണ്ടേഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച രേഖകളിലാണ് നിര്‍ദിഷ്ഠ സ്ഥാപനം ലക്ഷ്യമിടുന്ന വരുമാനം സംബന്ധിച്ച വിവരമുള്ളത്. ആദ്യ വര്‍ഷം ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാകുമെന്നും ഇവരില്‍ നിന്നായി ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് ഇനങ്ങളിലായി ആദ്യ വര്‍ഷം തന്നെ 100 കോടി പിരിച്ചെടുക്കാനുമാണ് ലക്ഷ്യമിട്ടത്.
ഇപ്പോഴും കടലാസില്‍ മാത്രം ഒതുങ്ങുന്ന ഈ സ്ഥാപനം അടുത്ത മൂന്നു വര്‍ഷത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യ വര്‍ഷം സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 38 കോടി രൂപയുടെ ഇളവുകള്‍ അനുവദിക്കുമെന്നും സ്ഥാപനത്തിന്റെ സാമ്പത്തിക പദ്ധതി രേഖകള്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി ദല്‍ഹി, ഐ.ഐ.എസ്.സി ബംഗളൂരു എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങളായ ബിര്‍ള ഇന്‍സ്റ്റ്യുട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ബിറ്റ്‌സ്), മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ സ്ഥാപന പദവി നല്‍കിയത്. ഇവയ്‌ക്കൊപ്പം കടലാസ് സ്ഥാപനമായ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പരിഗണിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പട്ടികയിലുള്ള രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്‍നിരയിലുള്ളവയും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളവയുമാണ്.