Sorry, you need to enable JavaScript to visit this website.

രാജ്യത്തെ വൻ ശക്തിയായി കോൺഗ്രസ് മാറണം- ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്- കോൺഗ്രസ് രാജ്യത്തെ വൻ ശക്തിയായി മാറണമെന്നും അതിനായി പ്രസംഗം മാത്രം പോരാ, പ്രവർത്തനവും വേണമെന്നും കോൺഗ്രസ് വേദിയിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കോൺഗ്രസിന് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. രാഹുൽ ഗാന്ധിക്ക് പാർലമെന്റിലേക്ക് തിരികെ വരാനായി. രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധിയിലൂടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വർധിച്ചെന്നും തങ്ങൾ പറഞ്ഞു.
കെ.പി.സി.സി കോഴിക്കോട് സംഘടിപ്പിച്ച ജനസദസ്സിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
പ്രസംഗം മാത്രം പോരാ, പ്രവർത്തനവും വേണമെന്നാണ് കോൺഗ്രസ് നേതാക്കളെ തനിക്ക് ഓർമിപ്പിക്കാനുള്ളതെന്ന് തങ്ങൾ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് വിവിധ വിഭാഗങ്ങളെ ഒന്നിച്ച് കൊണ്ടുപോയി. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് ഭരണം നടത്താനാകുമെന്ന് കോൺഗ്രസ് തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ, ഹരിയാന സംഭവങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണം. സമാധാനവും ശാന്തിയുമായണ് വേണ്ടത്. എല്ലാ മതങ്ങളും ഇത് തന്നെയാണ് മുന്നോട്ടുവെക്കുന്നത്. ഏക സിവിൽ കോഡ് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഓരോ മതവിഭാഗത്തിനും ഗോത്രങ്ങൾക്കും അവരുടേതായ വിശ്വാസങ്ങളുണ്ടാകും അത് വ്രണപ്പെടുത്താൻ ആരും സമ്മതിക്കില്ല. ഇന്ത്യയുടെ മതേതര സ്വഭാവം നിലനിർത്തണം. സമസ്തയുടെ പിന്തുണ ഇതിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും ഉണ്ടായിരിക്കുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
വിവിധ മതങ്ങളും വിവിധ സംസ്‌കാരവും ആചാരങ്ങളും പല ആദർശങ്ങളുമുളള ആളുകളെ എങ്ങനെ ഒന്നിച്ചുകൊണ്ടുപോകും എന്നതിൽ സംശയമുണ്ടായിരുന്നു. ആ സംശയത്തിന്റെ മറുപടിയാണ് കോൺഗ്രസ് അവരുടെ ഭരണ കാലത്ത് ചെയ്തതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

Latest News