റായ്പൂര്‍- ഛത്തീസ്ഗഢിലെ ഭട്ടാപറ ജില്ലയില്‍ ഛത്തീസ്ഗഢ് ആംഡ് ഫോഴ്‌സ്(സി.എ.എഫ്) ജവാന്‍ അവിഹിത ബന്ധമുണ്ടെന്ന സംശയിച്ച് ഭാര്യയെ രഹസ്യ ശരീരഭാഗങ്ങളില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ സുരേഷ് മിറി എന്ന ജവാനെ പോലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം അലക്കിക്കൊണ്ടിരിക്കുന്നതിനിടെ ജവാന്‍ ഭാര്യ ലക്ഷ്മിയെ തല്ലിച്ചതച്ചു ബോധരഹിതയാക്കിയ ശേഷം വൈദ്യുത പ്രവാഹമുള്ള വയര്‍ എടുത്ത് ജനനേന്ദ്രിയത്തില്‍ ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മി സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സുരേഷ് മിറി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ദാണ്ഡെവാഡയിലെ സി.എ.എഫ് ആറാം ബറ്റാലിയനില്‍ പാചകക്കാരനാണ് സുരേഷ് മിറി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ജവാന്റെ സംശയത്തെ ചൊല്ലി ബുധനാഴ്ച വൈകുന്നേരം ഇവര്‍ വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു.
കൊല നടത്തിയ ശേഷം ജവാന്‍ ഭാര്യയുടെ മൃതദേഹവുമായി വാടക വാഹനത്തില്‍ സ്വദേശമായ മുങ്കേലി ജില്ലയിലെ ഖജ്‌രിയിലേക്കു പോകുകയായിരുന്നു. അസുഖബാധിതയായി മരിച്ചുവെന്നാണ് ഇയാള്‍ ഭാര്യയുടെ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ മൃതദേഹം കണ്ട ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇവിടെ വച്ചാണ് മിറിയെ പോലീസ് പിടികൂടിയത്.