കൊൽക്കത്ത-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ചാറ്റ് ജി.പി.ടി ആരംഭിച്ചതിന് ശേഷം തന്റെ ജീവിതം പൂർണ്ണമായും മാറിയെന്ന് കൊൽക്കത്തയിൽ നിന്നുള്ള 22 വയസ്സുള്ള ഒരു വിദ്യാർത്ഥി. ശരണ്യ ഭട്ടാചാര്യ എന്ന വിദ്യാർഥിനിയാണ് തന്റെ ജീവിതം ചാറ്റ് ജി.പി.ടി കാരണം എങ്ങിനെ മാറിയെന്ന് വിശദീകരിച്ചത്. ഒരു ക്രിയേറ്റീവ് സൊല്യൂഷൻസ് ഏജൻസിയുടെ ഗോസ്റ്റ് റൈറ്ററും കോപ്പിറൈറ്ററുമായിരുന്നു ശരണ്യ. ലേഖനങ്ങളും മറ്റും എഴുതുന്നതിലൂടെ പ്രതിമാസം ശരണ്യ 20000 രൂപയെങ്കിലും സമ്പാദിക്കുമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ചാറ്റ്ജിപിടി ചിത്രത്തിലേക്ക് വന്നതോടെ അവളുടെ ജീവിതം മാറിമറിഞ്ഞു.
2022 അവസാനത്തോടെ മാസത്തിൽ ഒന്നോ രണ്ടോ ലേഖനങ്ങൾ എഴുതുന്നതിലേക്ക് തന്റെ ജോലി ഭാരം കുറഞ്ഞുവെന്നും ജോലിയുടെ അഭാവത്തിന് അവളുടെ കമ്പനി ഒരു വിശദീകരണവും നൽകിയിട്ടില്ലെന്നും 22 കാരിയായ യുവതി വെളിപ്പെടുത്തി. തന്റെ ജോലികൾ കമ്മീഷൻ ചെയ്തിരുന്ന സ്ഥാപനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിക്കാൻ തുടങ്ങിയെന്നും അവർ പറഞ്ഞു. ഇതോടെ തന്റെ വരുമാനം 90 ശതമാനത്തോളം കുറയുകയും തനിക്കും കുടുംബത്തിനും ജീവിക്കാൻ വകയില്ലാതായെന്നും ശരണ്യ വ്യക്തമാക്കി.
തന്റെ വരുമാനം തന്നെയും സാരി വിൽക്കുന്ന 45 കാരിയായ അമ്മക്കും സഹായകരമായിരുന്നു. എന്നാൽ പണത്തിന്റെ വരവ് കുറഞ്ഞതോടെ ജീവിതച്ചെലവുകൾ 'കുറയ്‌ക്കേണ്ടിവന്നു. ഞങ്ങൾ ഭക്ഷണം പോലും ചുരുക്കി. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പോലെ ഞങ്ങൾ ആസ്വദിക്കുന്ന കാര്യങ്ങൾ മേലിൽ ചെയ്യില്ലെന്നും ഭട്ടാചാര്യ കൂട്ടിച്ചേർത്തു. തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്നതിനാൽ ഇപ്പോൾ തന്റെ ജീവിതം വളരെ അനിശ്ചിതത്വത്തിലാണെന്നും വിദ്യാർത്ഥിനി പറഞ്ഞു.