അഹമ്മദാബാദ്- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീലിന് എതിരെ തെക്കൻ ഗുജറാത്തിൽ കലാപം നടക്കുന്നതിനിടെ ബി.ജെ.പിയുടെ ജനറൽ സെക്രട്ടറി സ്ഥാനം പ്രദീപ് സിംഗ് വഗേല രാജിവച്ചു. 'കുറച്ച് ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും' എന്ന് മാത്രമാണ് വഗേല ജനങ്ങളോട് പറഞ്ഞത്. 2016 ഓഗസ്റ്റ് 10നാണ് വഗേലയെ സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറിയായി നിയമിച്ചത്.
പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താൻ രാജിവെച്ചതായി വഗേല വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. എന്നാൽ തന്റെ നീക്കത്തിന് പിന്നിലെ കാരണങ്ങളൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഭാരതീയ ജനതാ യുവമോർച്ചയുടെ (ബി.ജെ.വൈ.എം) മുൻ പ്രസിഡന്റ് കൂടിയാണ് പ്രദീപ് സിംഗ് വഗേല. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെയാണ് വഗേലയുടെ രാജി.