ന്യൂദൽഹി- കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർ ദൽഹിയിലെ ഗുരുദ്വാര പുൽ ബംഗാഷിന് സമീപം സിഖുകാരെ കൊലപ്പെടുത്താൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായി കേന്ദ്ര അന്വേഷണ ഏജൻസിയുടെ കുറ്റപത്രം. മെയ് 20 ന് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. 39 വർഷം പഴക്കമുള്ള സിഖ് വിരുദ്ധ കലാപക്കേസിൽ ടൈറ്റ്ലറിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
'സിഖുകാരെ കൊല്ലാൻ ടൈറ്റ്ലർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു, അതിന്റെ ഫലമായി 1.11.1984 ന് ആൾക്കൂട്ടം ഗുരുദ്വാര പുൽ ബംഗഷ് തീയിട്ടു നശിപ്പിക്കുകയും സിഖ് സമുദായത്തിൽപ്പെട്ട മൂന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്തു,ഗുരുദ്വാര പുൽ ബംഗഷ്, താക്കൂർ സിംഗ്, ബാദൽ സിംഗ് എന്നിവരെയാണ് ജനക്കൂട്ടം കൊന്നതെന്നും സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കോൺഗ്രസ് നേതാവ് കാറിൽ നിന്ന് ഇറങ്ങി ജനക്കൂട്ടത്തെ സിക്കുകാരെ കൊല്ലാൻ പ്രേരിപ്പിക്കുന്നത് താൻ കണ്ടതായി ഒരു സാക്ഷിയെ ഉദ്ധരിച്ച് സിബിഐ കുറ്റപത്രത്തിലുണ്ട്.
ഒരു വെളുത്ത അംബാസഡർ കാറിൽനിന്നിറങ്ങിയ ജഗദീഷ് ടൈറ്റ്‌ലർ സിഖുകാരെ കൊല്ലാനും പിന്നീട് കവർച്ച നടത്താനും ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്ന് ഒരു സ്ത്രീയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇത് കണ്ട ശേഷം സ്ത്രീ തന്റെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് അയൽവാസിയുടെ വീട്ടിൽ അഭയം പ്രാപിച്ചു, അവിടെ ബാദൽ സിങ്ങിന്റെയും ശ്രീ ഗോർചരൺ സിംഗിന്റെയും മൃതദേഹങ്ങൾ കണ്ടുവെന്നും കുറ്റപത്രത്തിൽ സാക്ഷിമൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
പെട്രോൾ പാത്രങ്ങളും വടികളും വാളുകളുമായി ആർത്തട്ടഹസിക്കുന്ന ജനക്കൂട്ടത്തെ കണ്ടതായും അവിടെയും ജഗദീഷ് ടൈറ്റ്ലറുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.