ചണ്ഡീഗഡ്- ഹരിയാനയിലെ കലാപബാധിതമായ നുഹിൽ പൂർണ തോതിൽ ബുൾഡോസർ നീതി നടപ്പിലാക്കി സർക്കാർ. സമീപകാലത്ത് നടന്ന വർഗീയ കലാപങ്ങളിൽ പ്രതികളും സംശയിക്കപ്പെടുന്നവരുമായ പ്രതികളുടെ 50 ഓളം വീടുകളും 250 ഓളം കുടിലുകളും തകർത്തു.
നുഹിലെ ഒമ്പത് സ്ഥലങ്ങളിൽ ആരോപണവിധേയരായ പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി അധികൃതർ അറിയിച്ചു. നാൽഹാറിലെ അഞ്ച് ഏക്കർ ഭൂമിയിലെ കെട്ടിടങ്ങൾ വനംവകുപ്പിന്റെ ഭൂമിയിൽ അനധികൃതമായി നിർമിച്ചതാണെന്നാരോപിച്ചാണ് തകർത്തത്. കലാപത്തിനിടെ, നാൽഹാർ മഹാദേവ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന തീർഥാടകർക്ക് നേരെ വെടിയുതിർക്കാൻ ഉപയോഗിച്ച കെട്ടിടങ്ങളും നിരപ്പാക്കിയതായി ബന്ധപ്പെട്ടവർ അവകാശപ്പെട്ടു. അക്രമം രൂക്ഷമായ ഖേദ്‌ല മോറിലെ വീടുകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. വ്യാഴാഴ്ച ടൗരുവിലെ 250 കുടിലുകൾ പൊളിച്ചുനീക്കിയിരുന്നു.
കയ്യേറ്റങ്ങളോടും അനധികൃത നിർമാണങ്ങളോടും സർക്കാർ ഒട്ടും വിട്ടുവീഴ്ച കാണിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു, ബുൾഡോസർ നീതിയെ അദ്ദേഹം ന്യായീകരിച്ചു.