Sorry, you need to enable JavaScript to visit this website.

അശുഭകരമെന്ന് പറഞ്ഞ് വിധവയെ ക്ഷേത്രത്തിൽ തടഞ്ഞു, രൂക്ഷ വിമർശവുമായി ഹൈക്കോടതി

ചെന്നൈ-വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയില്‍ തന്നെ ഏതൊരാള്‍ക്കും വ്യക്തിത്വവും അന്തസും ഉണ്ടെന്നും വിവാഹവുമായി അതിന് ബന്ധമില്ലെന്നും കോടതി പറഞ്ഞു.ഈറോഡ് ജില്ലയിലെ പെരിയകറുപ്പന്‍ ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന ആളുടെ ഭാര്യ തങ്കമണി നല്‍കിയ ഹരജ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റീസ് എന്‍.ആനന്ദ് വെങ്കിടേഷ് ആണ് ഹര്‍ജി പരിഗണിച്ചത്. 

ഒരു സ്ത്രീ വിവാഹിതയാണോ അവിവാഹിതയാണോ വിധവയാണോ എന്നതൊന്നും അവളുടെ വ്യക്തിത്വത്തെ ബാധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ക്ഷേത്ര പ്രവേശനം തടഞ്ഞവരെ വിളിച്ച് വരുത്തി തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞാല്‍ കടുത്ത നടപടി എടുക്കാനും കോടതി ഉത്തരവിട്ടു. 

പെരിയകറുപ്പന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന തങ്കമണിയുടെ ഭര്‍ത്താവ് 2017ലാണ് മരിച്ചത്. ഇതിന് ശേഷവും ഇവര്‍ ക്ഷേത്രത്തില്‍ പോകാറുണ്ടായിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ ഇവിടെ നടക്കുന്ന ഉത്സവത്തില്‍ ഇവരോട് പങ്കെടുക്കരുതെന്ന് രണ്ട് പൂജാരിമാര്‍ അറിയിക്കുകയായിരുന്നു. വിധവകള്‍ ചടങ്ങിനെത്തുന്നത് അശുഭകരമാണെന്ന കാരണം പറഞ്ഞാണ് വിലക്കിയത്. ഇതിന് പിന്നാലെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Latest News