ഇംഫാല്‍ - മണിപ്പൂരില്‍ ബിഷ്ണുപൂര്‍ - ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ക്വാക്ത പ്രദേശത്തെ മെയ്‌തെയ് വിഭാഗത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ക്വാക്ത മേഖലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കേന്ദ്ര സേനയുടെ ക്യാമ്പിനടുത്താണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളില്‍ കുക്കി വിഭാഗത്തിലുള്ളവരുടെ നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച ബിഷ്ണുപൂര്‍ ജില്ലയില്‍ സായുധ സേനയും മെയ്‌തെയ് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനിടെ ബിഷ്ണുപൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര കയ്യേറി മെയ്തെയ് വിഭാഗം ആയുധങ്ങള്‍ കവര്‍ന്നു. മുന്നൂറിലധികം തോക്കുകളാണ് ജനക്കൂട്ടം കവര്‍ന്നത്. എകെ 47, ഇന്‍സാസ്, എംപി 3 റൈഫിള്‍സ് തുടങ്ങിയവ ജനക്കൂട്ടം കവര്‍ന്നു. 15,000 വെടിയുണ്ടകളും കൊള്ളയടിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.