അബുദാബി- ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര നറുക്കെടുപ്പിൽ യു.എ.ഇയിലെ ഇന്ത്യൻ പ്രവാസിക്ക് 15 മില്യൺ ദിർഹം (33,83,29,693 രൂപ) സമ്മാനം.രാജസ്ഥാൻ സ്വദേശിയായ 39 കാരനായ സകീൽ ഖാൻ സർവാർ ഖാൻ ജൂലൈ 25 ന് തന്റെ ജന്മദിനത്തിൽ ഓൺലൈനിൽ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
ദുബായിലെ ഒരു ഐടി കമ്പനിയിൽ എൻജിനീയറിങ് കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന ഖാൻ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. ക്യാഷ് പ്രൈസ് 15 പേർക്കായി വിഭജിക്കും. കടബാധ്യതകൾ തീർത്ത ശേഷം ഒരു ബിസിനസ്സ് ആരംഭിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.
വെബ്സൈറ്റ് വഴിയോ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ആണ് ബിഗ് ടിക്കറ്റുകൾ വാങ്ങാൻ അവസരം. സെപ്റ്റംബർ മൂന്നിനാണ് 20 ദശലക്ഷം ദിർഹം നേടാനുള്ള അടുത്ത നറുക്കെടുപ്പ്.