ചണ്ഡീഗഢ്- മരങ്ങള്‍ നട്ടുപിടിപ്പിച്ച് അവയെ പരിപാലിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5 മാര്‍ക്ക് വരെ അധികം നല്‍കാന്‍ പദ്ധതിയിട്ട് ഹരിയാന സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പദ്ധതി പ്രകാരം ഒമ്പതാം ക്ലാസ്സിലെത്തുന്നവര്‍ മരം നട്ടുപിടിപ്പിക്കണം. പ്ലസ്ടു വരെയുള്ള കാലയളവില്‍ ഈ മരത്തെ സംരക്ഷിക്കണമെന്നും പദ്ധതിയില്‍ പറയുന്നു. ഈ ദൗത്യം കൃത്യമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 1 മുതല്‍ 5 വരെ മാര്‍ക്ക് അധികം നല്‍കുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ പറഞ്ഞു. പദ്ധതി രേഖ ഏറെക്കുറെ പൂര്‍ത്തിയായെന്നും ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും കന്‍വര്‍ പാല്‍അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ച ചെടിയുടെ ആരോഗ്യം വിലയിരുത്തിയാകും മാര്‍ക്ക് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പഞ്ച്കുലയിലെ സ്‌കൂള്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ചെടി വിതരണം നടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താന്‍ ഓരോ സ്‌കൂളിലും പ്രത്യേകം ജീവനക്കാരെ നിയമിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിര്‍ദ്ദേശിച്ചു.