ജയ്പൂര്‍- ജമ്മു കശ്മീരില്‍ സേവനമനുഷ്ഠിച്ച പട്ടാളക്കാരുടെ പേരില്‍ അനുവദിച്ച 3000 തോക്ക് ലൈസന്‍സുകള്‍ പരിശോധിക്കുന്നു. സൈനികരുടെ പേരില്‍ നിയമ വിരുദ്ധമായി കൈക്കലാക്കിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. രാജസ്ഥാനിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) സൈന്യത്തില്‍നിന്ന് വിവരം തേടിയിരിക്കയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജമ്മു കശ്മീരിലെ വിവിധ ജില്ലകളില്‍നിന്നായി ദുരൂഹ സാചര്യത്തില്‍ തോക്ക് ലൈസന്‍സ് നേടിയവരെ കുറിച്ച് കഴിഞ്ഞ നവംബറിലാണ് രാജസ്ഥാന്‍ പോലീസിലെ എ.ടി.എസ് അന്വേഷണം ആരംഭിച്ചത്. ജുബൈദ എന്ന പേരില്‍ ആരംഭിച്ച വേട്ടയില്‍ ഇതുവരെ 52 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തോക്ക് ലൈസന്‍സുകളില്‍ 3367 എണ്ണം സൈനികരുടെ പേരില്‍ നേടിയതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പത്തു വര്‍ഷത്തിനിടെ വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരാണ് ഇത്തരം ലൈസന്‍സുകള്‍ നല്‍കിയതെന്നും ഇതിന്റെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി കരസേനക്കു പുറമെ, വ്യോമ സേന, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവക്കും അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്), നാഷണല്‍ കാഡറ്റ് കോര്‍പ്‌സ് (എന്‍.സി.സി), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്), ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) എന്നിവയടക്കം ഏഴ് അര്‍ധ സേനാ വിഭാഗങ്ങള്‍ക്കും കത്തയച്ചു. ഭൂരിഭാഗവും മറുപടി നല്‍കിയെങ്കിലും കരസേനയില്‍നിന്ന് സമഗ്രമായ മറുപടിക്ക് കാത്തിരിക്കയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തോക്ക് ലൈസന്‍സ് നേടിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ് വീണ്ടും കത്തയച്ചിട്ടും സൈന്യത്തില്‍നിന്ന് മറുപടി ലഭിച്ചിട്ടില്ല.
തോക്ക് ലൈസന്‍സ് നേടിയവരുടെ പേരുവിവരങ്ങള്‍ സഹിതം ആദ്യ കത്ത് 2017 നവംബര്‍ ഒമ്പതിനാണ് വിവിധ സേനാ വിഭാഗങ്ങള്‍ക്ക് അയച്ചത്. ഇവരുടെ വിവരങ്ങള്‍ പരിശോധിക്കാനും ഏതു കാലയളവില്‍ ജമ്മു കശ്മീരില്‍ സേവനമനുഷ്ഠിച്ചുവെന്ന് അറിയിക്കാനുമാണ് ആവശ്യപ്പെട്ടിരുന്നത്.
കരസേന 375 പേരുടെ പട്ടിക തിരിച്ചു നല്‍കിയെങ്കിലും ഇവര്‍ ഏതു കാലയളവിലാണ് കശ്മീരില്‍ ജോലി ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി ഈ വര്‍ഷം ഫെബ്രുവരി 14 ന് വീണ്ടും രാജസ്ഥാന്‍ എ.ടി.എസ് കത്തയച്ചു.
തോക്ക് ലൈസന്‍സ് നേടിയ 3367 പട്ടാളക്കാരെ ഏതു കാലത്താണ് കശ്മീരില്‍ നിയമിച്ചത്, അവര്‍ റിട്ടയര്‍ ചെയ്‌തോ, ഇപ്പോഴും സര്‍വീസില്‍ തുടരുന്നുണ്ടെങ്കില്‍ എവിടെ എന്നീ വിവരങ്ങളാണ് പോലീസിന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ എ.ടി.എസ് എ.ഡി.ജി.പിയാണ് വീണ്ടും സൈനിക ആസ്ഥാനത്തേക്ക് കത്തയച്ചത്. 2500 പേര്‍ സൈനികരാണെന്ന് സ്ഥിരീകരിച്ചുവെങ്കിലും അവര്‍ ജമ്മു കശ്മീരില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ മാര്‍ച്ച് 24 ന് വീണ്ടും കത്തയച്ചുവെന്നും വിവരങ്ങള്‍ക്കായി കാത്തിരിക്കയാണെന്നും മുതിര്‍ന്ന എ.ടി.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേവിക്ക് നല്‍കിയ 26 പേരില്‍ 14 പേര്‍ യഥാര്‍ഥത്തില്‍ ലൈസന്‍സ് നേടിയവരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. ബാക്കി 12 പേര്‍ എങ്ങനെ നേവി ഓഫീസര്‍മാരെന്ന വ്യാജേന ലൈസന്‍സ് സമ്പാദിച്ചുവെന്നാണ് ഇനി കണ്ടെത്തേണ്ടത്. വ്യോമസേനക്ക് നല്‍കിയ പട്ടികയില്‍ 17 പേരുടെ വിവിരങ്ങള്‍ കൃത്യമാണ്. ബി.എസ്.എഫിനു നല്‍കിയ 548 പേരുടെ പട്ടികയില്‍ 471 പേരുടെ വിവരങ്ങളാണ് തിരികെ നല്‍കിയത്. ഇവരില്‍ 336 പേര്‍ യഥാര്‍ഥത്തില്‍ തോക്ക് ലൈസന്‍സ് നേടിയവരാണ്. ബാക്കിയുള്ളവര്‍ ആരാണെന്ന് കണ്ടെത്തണം.