ദമാം- രണ്ടര വര്‍ഷമായി ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കളോ സുഹൃത്തുക്കളോ അന്വേഷിച്ചെത്താത്തതിനാല്‍ പോലീസ് മറവു ചെയ്യാന്‍ ഒരുങ്ങുന്നു. കോയ മൂച്ചിക്കടവന്‍ പയിക്കാട്ട്, പുവാട്ട് പറമ്പ, പറപ്പൂര്, കോഴിക്കോട് എന്നാണ് ാസ്പോര്ട്ടിലുള്ള വിവരം. ഈ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി 2017 ജൂലൈയില്‍ മലയാളം ന്യൂസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കോബാറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവന്ന കോയയെ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ പത്തിനു കോബാര്‍ അല്‍ ഫഹ്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡിസംബര്‍ 15-ന് മരിക്കുകയും ചെയ്തു. മൃതദേഹം സൗദിയില്‍ മറവു ചെയ്യുന്നതിനോ നാട്ടിലേക്കയക്കുന്നതിനോ വേണ്ടി സ്പോണ്സര് മുന്നിട്ടിറങ്ങിയെങ്കിലും കുടുംബക്കാരുമായോ നാട്ടുകാരുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാസ്പോര്‍ട്ടിലെ വിവരം വ്യാജമാണെന്ന് കണ്ടെത്തിയത്.
വിലാസം മാത്രമല്ല പേരും പാസ്പോര്ട്ടിലുള്ളതല്ലെന്നാണ് ദമാമില്‍ ഇയാളെ അറിയുന്നവര്‍ പറയുന്നത്. തന്റെ പേര് ഇഖ്ബാല്‍ എന്നാണെന്നും സ്വദേശം മംഗലാപുരം ആണെന്നുമാണത്രെ പറഞ്ഞിരുന്നത്. പക്ഷേ ഇവിടെ ഇയാളെ അറിയുന്നവര്‍ക്കും നാട്ടിലെ ബന്ധങ്ങളെക്കുറിച്ച് ഒരറിവുമില്ല.
ജവാസാത്തില്‍നിന്ന് ശേഖരിച്ച വിവര പ്രകാരം 22 വര്‍ഷം മുമ്പാണ് ഇയാള്‍ സൗദിയിലെത്തിയത്. 12 വര്‍ഷം മുമ്പാണ് ഇയാള്‍ ഏറ്റവും ഒടുവില്‍ റി-എന്‍ട്രി വിസയില്‍ അവധിയില്‍ പോയതായി രേഖകളിലുള്ളത്. മുംബൈ വിമാനത്താവളം വഴിയായിരുന്നു യാത്രയെന്നും അറിയുന്നു.
ഇയാള്‍ കാസര്‍കോട് സ്വദേശിയായിരിക്കുമെന്ന സംശയത്തില്‍ ദമാം ബദ്ര് ഡിസ്പന്‍സറി ജീവനക്കാരന് ഷാഫിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ആറു മാസത്തോളം അല്‍റാജ്ഹി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് സാമൂഹ്യ പ്രവര്ത്തകന് നാസ് വക്കം ഇടപെട്ട് ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു.
ഇതിനിടെ, മാസങ്ങളായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വരുന്നത് ജീവനക്കാര്‍ക്കും മറ്റും കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. മൃതദേഹം മറവു ചെയ്യാന്‍ വൈകുന്നതിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ സ്പോണ്‍സറുടെ കംപ്യൂട്ടര്‍ സേവനം തൊഴില്‍ മന്ത്രാലയം റദ്ദാക്കുകയും ചെയ്തു.
ഇനിയും മൃതദേഹം സൂക്ഷിക്കാന്‍ സാധ്യമല്ലെന്നും പത്ത് ദിവസത്തിനകം മൃതദേഹം സൗദിയില്‍ മറവു ചെയ്യണമെന്നുമാണ് പ്രശ്നത്തില്‍ ഇടപെട്ട നാസ് വക്കത്തോട് പോലീസ് പറഞ്ഞിരിക്കുന്നത്. കോയയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയേയോ 00966 569956848 എന്ന നമ്പറില്‍ തന്നെയോ ബന്ധപ്പെടണമെന്ന് നാസ് വക്കം അറിയിച്ചു.