- ശരീര ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്യര്യം വർധിക്കുമെന്ന വിശ്വാസത്തിലാണ് അവയങ്ങൾ കടത്തിക്കൊണ്ട് പോയതെന്ന് പ്രതികൾ. പത്തനംതിട്ട ജില്ലയിൽ നിന്നാണ് അവയവം വാങ്ങിയതെന്നും മൊഴി. മനുഷ്യ അവയവങ്ങളെന്ന് സംശയിക്കുന്ന നാവ്, ഹൃദയം, കരൾ എന്നിവയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട / ചെന്നൈ - കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേയ്ക്ക് പോയ കാറിൽ നിന്ന് മനുഷ്യന്റേതെന്ന് സംശയിക്കുന്ന നാവ്, ഹൃദയം, കരൾ എന്നീ അവയവങ്ങൾ കണ്ടെത്തി. തേനിയിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് കേരള അതിർത്തിയോട് ചേർന്ന് ഉത്തമപാളയത്ത് മൂന്നംഗ സംഘത്തെ പോലീസ് പിടികൂടിയത്.
ഇവർ സഞ്ചിരിച്ച സ്‌കോർപ്പിയോ കാറിൽ നിന്നാണ് മനുഷ്യ അവയങ്ങൾ എന്ന് സംശയിക്കുന്നവ പിടികൂടിയത്. ഇവ മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധനയ്ക്കുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പൂജ ചെയ്ത നിലയിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ദുർമന്ത്രവാദത്തിനായാണ് ശരീര ഭാഗങ്ങൾ ഉപയോഗിച്ചതെന്നാണ് സംശയം.
ശരീര ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്യര്യം വർധിക്കുമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് അവയങ്ങൾ കടത്തിക്കൊണ്ട് പോയതെന്നാണ് പ്രതികൾ പോലീസിനെ അറിയിച്ചത്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് അവയവം വാങ്ങിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.