ന്യൂദൽഹി- വർഗീയ കലാപം നടന്ന ഹരിയാനയിലെ നുഹിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ടൗരുവിൽ സർക്കാർ ഭൂമി കൈയേറിയെന്ന് ആരോപിച്ച് ഹരിയാന സർക്കാർ നിരവധി കുടിയേറ്റക്കാരുടെ വീടുകൾ തകർത്തു. ബുൾഡോസർ ഉപയോഗിച്ചാണ് കുടിയേറ്റക്കാരുടെ വീടുകൾ തകർത്തത്. കുടിയേറ്റക്കാരാണ് കലാപം ഉണ്ടാക്കിയതെന്ന് നേരത്ത മുഖ്യമന്ത്രിയും ബി.ജെ.പിയും ജില്ലാ കലക്ടറും ആരോപിച്ചിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറാണ് കുടിലുകൾ പൊളിക്കാൻ ഉത്തരവിട്ടത്.
നേരത്തെ അസമിൽ താമസിച്ചിരുന്ന ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ നുഹ് ജില്ലയിലെ തൗറു പട്ടണത്തിലെ മുഹമ്മദ്പൂർ റോഡിനോട് ചേർന്നുള്ള വാർഡ് നമ്പർ ഒന്നിലെ ഹരിയാന അർബൻ അതോറിറ്റിയുടെ ഭൂമിയിൽ കുടിൽ ഒരുക്കി സ്ഥാപിച്ചിരുന്നു. ഏകദേശം ഒരേക്കർ സ്ഥലത്ത് 250 ലധികം കുടിലുകൾ നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ഇവർ ഇവിടെയാണ് താമസിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും വിന്യാസം നിലനിൽക്കെയാണ് ബുൾഡോസർ നടപടി. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
വിഎച്ച്പി ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ നുഴഞ്ഞുകയറ്റക്കാർ ഉൾപ്പെടെയുള്ള പുറത്തുനിന്നുള്ളവരുടെ പങ്കുണ്ടെന്ന് പോലീസും ഭരണകൂടവും ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിന്റെ മാതൃകയിൽ ഹരിയാനയിലും ബുൾഡോസർ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി രണ്ട് ദിവസം മുമ്പ് സൂചിപ്പിച്ചിരുന്നു.
അതിനിടെ, ബുധനാഴ്ച രാത്രിയോടെ ടൗരുവിലെ രണ്ട് മുസ്ലീം പള്ളികൾ തകർക്കാൻ ശ്രമം നടന്നിരുന്നു. ഇന്ന് ഗുരുഗ്രാം പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ (ജുമുഅ നമസ്‌കാരം) നടന്നിരുന്നില്ല. മുസ്ലീം മതനേതാക്കൾ ജനങ്ങളോട് വീടുകളിൽ നിന്ന് പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു.