കോഴിക്കോട്- എൺപതോളം പേർ ഒരുമിച്ചു ജീവിക്കുന്ന തെക്കേപ്പുറം കുറ്റിച്ചിറയിലെ ഇമ്മണി ബല്യ തറവാടിന്റെ പടിപ്പുരയും കോലായിയും നടോകവും കൊട്ടിലുമൊക്കെ കണ്ട ജപ്പാനിലെ ഫ്‌ലാറ്റ് ജീവിതത്തിൽ ഒതുങ്ങുന്ന ജപ്പാൻകാരി അരിമ കൊസുവെ അത്ഭുതം അടക്കാനാവാതെ ജപ്പാൻ ഭാഷയിൽ പറഞ്ഞു, 'കോ യു സേയ്കാത്സു ഒ ഷിതായി' (എന്തുരസമായിരിക്കും ഇവിടത്തെ ജീവിതം). കൂടെയുണ്ടായിരുന്ന യെമനക ടെസായിയും തലകുലുക്കി ഇതിനെ പിന്തുണച്ചു. കേരളത്തിലെ ഏറ്റവും വലിയ തറവാടുകളിലൊന്നായ കുറ്റിച്ചിറ പഴയതോപ്പിലെത്തിയതായിരുന്നു ഇരുവരും. അതിഥികളെ ആദ്യം തന്നെ കോഴിക്കോടൻ ആതിഥ്യ മര്യാദയുടെ പര്യായമായ സുലൈമാനി നൽകി സ്വീകരിച്ച കുടുംബാംഗങ്ങൾ വീടു മുഴുവനും ചുറ്റിക്കാണിച്ചശേഷം കുടുംബചരിത്രം വിവരിച്ചു. 140 വർഷത്തിന്റെ പാരമ്പര്യമുള്ള
തറവാടിന്റെ കുടുംബവിശേഷങ്ങൾ അരിമയും യെമനകയും കൗതുകത്തോടെ മണിക്കൂറുകളോളം കേട്ടിരുന്നു.
ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയും എഫേർട്ട് കോഴിക്കോടും ചേർന്നു സംഘടിപ്പിച്ച ഇന്തോ - ജപ്പാൻ സാംസ്‌കാരിക സംഗമത്തിന്റെ ഭാഗമായാണ് ജപ്പാൻ സ്വദേശികൾ പഴയതോപ്പിലെത്തിയത്. ജാപ്പനീസ് വിഭവങ്ങളായ ഡാംഗോയും സൊമെനും അരിമ പാചകം ചെയ്തു കാണിച്ചു. പകരം കുറ്റിച്ചിറയുടെ പ്രിയ വിഭവങ്ങളായ മുട്ടമാല, ചട്ടിപ്പത്തിരി, കല്ലുമക്കായ നിറച്ചത് തുടങ്ങിയവയുടെ പാചകരീതി വീട്ടുകാരും കാണിച്ചു കൊടുത്തു. പലഹാരങ്ങൾ ഓരോന്നായി രുചിച്ചു നോക്കിയശേഷം അരിമയും യെമനകയും അഭിനന്ദനമറിയിച്ചു. കൂടാതെ ജാപ്പനീസ് കാഞ്ചി ലിപി പരിചയപ്പെടുത്തൽ, ജാപ്പനീസ് ചിത്രരചന രീതികൾ, ചോപ്പ്സ്റ്റിക്ക് പരിശീലനം, ഒറിഗാമി, ജാപ്പനീസ് കരോക്കെ തുടങ്ങിയവയും അരങ്ങേറി. കാലിക്കറ്റ് കലാലയയുടെ നേതൃത്വത്തിൽ ഒപ്പനയും മൈലാഞ്ചിയിടലും നടന്നു. സാംസ്‌കാരികവിനിമയ പരിപാടികൾക്ക് എ ഫോർട്ട് ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായ എക്‌സ്പ്രസ്സ് മുസ്തഫ, ജപ്പാൻ ലാംഗ്വേജ് അക്കാദമി ചെയർമാൻ സുബിൻ എന്നിവർ നേതൃത്വം നല്കി.