അയോധ്യ- രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 21, 22, 23 തിയ്യതികളില്‍ നടക്കുമെന്നു രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഔദ്യോഗികമായി ക്ഷണം നല്‍കുമെന്നകാര്യം ട്രസ്റ്റ് നേരത്തെ തന്നെ പറഞ്ഞിരുന്നു. തിയ്യതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയെയും സന്യാസിമാരെയും ഉള്‍പ്പെടെ ഇക്കാര്യം അറിയിക്കുമെന്നു ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി അറിയിച്ചു.
പ്രധാന ചടങ്ങുകളിലൊന്നും രാഷ്ട്രീയമുണ്ടാവില്ല. പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ എല്ലാ രാഷ്ട്രീയ കക്ഷികളില്‍ നിന്നും പ്രമുഖരെ ക്ഷണിക്കും. പ്രത്യേക വേദിയോ പൊതുസമ്മേളനമോ ഉണ്ടാവില്ല. സനാതന ആചാരങ്ങള്‍ പിന്തുടരുന്ന കാല്‍ ലക്ഷം ഹൈന്ദവ നേതാക്കളെ ചടങ്ങിലേക്കു ക്ഷണിക്കുമെന്നും അറിയിച്ചു.
ക്ഷണിക്കേണ്ട നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ ഒപ്പോടു കൂടിയാണ് ക്ഷണപത്രിക അയക്കുക.
രാമ വിഗ്രഹം പ്രതിഷ്ഠിക്കാനുള്ള പ്രധാന ശ്രീകോവില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ആദ്യ ഒരു മാസം മുഴുവന്‍ തീര്‍ഥാടകര്‍ക്കും സൗജന്യമായി ആഹാരം നല്‍കാനും ആലോചനയുണ്ട്. ജനുവരിയില്‍ പ്രതിദിനം 75,000 മുതല്‍ ഒരു ലക്ഷം വരെ തീര്‍ഥാടകരെയാണു ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്.