ന്യൂഡൽഹി - അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ രാജ്യമെങ്ങും മതനിരപേക്ഷ ശക്തികൾ വൻ സന്തോഷം പ്രകടിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ രാഹുലിനെയും സുപ്രിംകോടതി വിധിയെയും അഭിനന്ദിച്ചുള്ള പോസ്റ്റുകളാണ് നിറയുന്നത്.
വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയം എന്നാണ് ട്വിറ്ററിൽ കോൺഗ്രസ് ഔദ്യോഗികമായി കുറിച്ചിരിക്കുന്നത്. 'വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയം, സത്യമേവ ജയതേ, ജയ് ഹിന്ദ്' എന്നിങ്ങനെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന പ്രതികരണം.
രാജ്യത്തെ മതനിരപേക്ഷ ശക്തികളും നീതിബോധമുള്ള ജനതയും കാത്തിരുന്ന ആശ്വാസകരമായ വിധി ഉണ്ടായതോടെ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തുനിന്നുള്ള അയോഗ്യത നീങ്ങും. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് 'മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര്, ഇത് എന്തുകൊണ്ടാണ്' എന്ന് രാഹുൽ ഗാന്ധി ചോദിച്ചത്. ഇതിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ മുഴുവൻ അപമാനിക്കാനായി ഉപയോഗിച്ചുവെന്നായിരുന്നു പരാതിക്കാരന്റെ വാദം. ഇയാളുടെ പരാതിയിൽ സൂററ്റ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടുവർഷം തടവും പിഴയും വിധിച്ചു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളി. ഇതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. രാജ്യത്തെ നീതിപീഠത്തിലുള്ള വിശ്വാസം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് വിധിയെന്ന് പലരും കുറിച്ചു.