ന്യൂദൽഹി- ഹരിയാനയിൽ വർഗീയ കലാപമുണ്ടായ നുഹിലെ പോലീസ് മേധാവിയെ സ്ഥലം മാറ്റി. വരുൺ സിംഗ്ല എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ മാറ്റി പകരം നരേന്ദ്ര ബിജാർനിയയെ നിയോഗിച്ചു. 2020 ഫെബ്രുവരി മുതൽ 2021 ഒക്ടോബർ വരെ നുഹ് ജില്ലയിലെ പോലീസ് മേധാവിയായിരുന്നു ഇദ്ദേഹം. സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ അവധിയിലായിരുന്ന വരുൺ സിംഗ്ലയെ 160 കിലോമീറ്റർ അകലെയുള്ള ഭിവാനി ജില്ലയിലേക്ക് മാറ്റി. സിംഗ്ലയുടെ അഭാവത്തിൽ ഏറ്റുമുട്ടലിന്റെ തുടക്കത്തിൽ നരേന്ദ്ര ബിജാർനിയയെ ഭിവാനിയിൽ നിന്ന് നുഹിലേക്ക് മാറ്റിയിരുന്നു. പ്രദേശത്തെ തീവ്രമായ സാമുദായിക സംഘർഷങ്ങൾക്കിടെയാണ് അദ്ദേഹത്തെ എസ്.പിയായി നിയമിക്കുന്നതിനുള്ള സ്ഥിരം ഉത്തരവ് പുറപ്പെടുവിച്ചത്.
വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്ര തടയാനുള്ള ശ്രമത്തെച്ചൊല്ലി നുഹിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മുസ്ലിം മതപണ്ഡിതനുമുൾപ്പെടെ ആറ് പേരാണ് ഇതോടകം കൊല്ലപ്പെട്ടത്. കലാപം നുഹിൽനിന്ന് ഗുരുഗ്രാമിലേക്ക് വ്യാപിച്ചു. നിരവധി വാഹനങ്ങളും ഭക്ഷണശാലകളും കടകളും അക്രമാസക്തരായ ജനക്കൂട്ടം തീയിട്ടു.