Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപി മസ്ജിദിൽ സർവേ തുടങ്ങി; കനത്ത സുരക്ഷ, പങ്കെടുക്കുന്നത് 41 ഉദ്യോഗസ്ഥർ

വാരണാസി- ഉത്തര്‍പ്രദേശ് വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങി. രാവിലെ ഏഴുമണിക്കാണ് സര്‍വേ ആരംഭിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ 41 ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുക്കുന്നത്. രാവിലെ ഏഴുമുതല്‍ 12 മണിവരെയാണ് സര്‍വേ. നാല് ഹരജിക്കാരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സര്‍വേ പുരോഗമിക്കുന്നത്. സര്‍വേ നടക്കുന്ന പള്ളിപ്പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അതിനിടെ, അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍ ഹരജി നൽകി. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്പാകെയാണ് ഹരജി നല്‍കിയത്.

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ക്ഷേത്രത്തിനു മുകളിലാണോ പള്ളി നിര്‍മിച്ചിട്ടുള്ളതെന്നു കണ്ടെത്താനാണ് വാരാണസി ജില്ലാ കോടതി സര്‍വേക്ക് ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കുഴിച്ചു പരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നത് പള്ളിക്കെട്ടിടത്തിനു കേടു വരുത്തും എന്നായിരുന്നു കമ്മിറ്റിയുടെ വാദം. നേരത്തെ സര്‍വേ നടത്താനുള്ള ഉത്തരവ് തടഞ്ഞ സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോടു നിര്‍ദേശിക്കുകയായിരുന്നു.

Latest News