ഗുരുഗ്രാം- ഹരിയാനയിലെ നുഹിൽനിന്ന് ഗുരുഗ്രാമിലേക്ക് പടർന്ന വർഗീയ കലാപത്തെ തുടർന്ന് പരിഭ്രാന്തരായ 400 കുടിയേറ്റ കുടുംബങ്ങൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. 20 കുടുംബങ്ങൾ പല്‌ഡ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്‌തപ്പോൾ സെക്ടർ 70-ലെ ചേരികളിൽനിന്ന് 400 ഓളം കുടുംബങ്ങൾ നാടുവിടാൻ നിർബന്ധിതരായി. ഭൂരിഭാഗവും പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്.
തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിട്ടുപോയില്ലെങ്കിൽ ചേരികൾ അഗ്നിക്കിരയാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി കുടിയേറ്റ തൊഴിലാളികൾ പറയുന്നു. അക്രമത്തെത്തുടർന്ന് മുസ്ലിംകൾ ജോലി ചെയ്യുന്ന ഗുരുഗ്രാമിലെ ബാർബർ ഷോപ്പുകളും സ്ക്രാപ്പ് ഷോപ്പുകളും ഹോട്ടലുകളും പൂട്ടി. ഗുരുഗ്രാമിൽ, മനേസറിലും പരിസര പ്രദേശങ്ങളിലും ധാരാളം കുടിയേറ്റ കുടുംബങ്ങൾ താമസിച്ചിരുന്നു.
നാടു വിട്ടുപോയില്ലെങ്കിൽ ഞങ്ങളുടെ ചേരിക്കും ഞങ്ങളുടെ വാഹനങ്ങൾക്കും തീയിടുമെന്ന് ഒരു സംഘം ആളുകൾ മോട്ടോർ സൈക്കിളിൽ എത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഗുരുഗ്രാമിലെ അക്രമ സംഭവത്തിന് ശേഷം കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഞങ്ങൾ ഭയത്തിലാണ്. സ്ഥിതി മെച്ചപ്പെടുമ്പോൾ മടങ്ങിവരും-ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരാൾ പറഞ്ഞു. അതേസമയം, കുടിയേറ്റ കുടുംബങ്ങളെ സംരക്ഷിക്കുമെന്നും ഗുരുഗ്രാമിലുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഗുരുഗ്രാം ജില്ലാ ഭരണകൂടം ഉറപ്പുനൽകി.