വാരണാസി- ഉത്തർപ്രദേശിലെ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഇന്ന് ശാസ്ത്രീയ സർവേ നടത്തും. ഇതിനായി അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച പുരാവസ്തുവകുപ്പിന് അനുമതി നൽകി.
സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി എഎസ്ഐയെ അനുവദിച്ചതായി ഗ്യാൻവാപി കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ സുഭാഷ് നന്ദൻ ചതുർവേദി പറഞ്ഞു. എഎസ്‌ഐയും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഈ സർവേ ചരിത്രം സൃഷ്‌ടിക്കുന്നതിനുള്ള ചുവടുവെയ്‌പ്പാണ്. സർവ്വേ പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിരുമെന്ന് എഎസ്‌ഐക്ക് മാത്രമേ പറയാനാകൂ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സർവേ പൂർത്തിയാക്കാൻ 7-8 മാസമെടുത്തു-ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ സുധീർ ത്രിപാഠി പറഞ്ഞു.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇന്ന് സർവേ നടത്തുന്ന പശ്ചാത്തലത്തിൽ ഗ്യാൻവാപി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവേയെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരിക്കയാണ്. വാരാണസി ജില്ലാ ജഡ്ജിയുടെ ജൂലൈ 21ലെ ഉത്തരവിനെ അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി ചോദ്യം ചെയ്തിരുന്നു.
2023 മെയ് 16 ന് നാല് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച അപേക്ഷയിൽ ഗ്യാൻവാപി മുച്ചയത്തിൽ എഎസ്ഐ സർവേ നടത്താൻ ജൂലൈ 21 നാണ് വാരണാസി ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിട്ടിരുന്നത്.