Sorry, you need to enable JavaScript to visit this website.

പി.ടി.7-ന്റെ കണ്ണിന് വൈകാതെ ശസ്ത്രക്രിയ നടത്തും

പാലക്കാട്- വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി ധോണിയിലെ കൂട്ടിലാക്കിയ 'പി.ടി.7' (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍) ആനയുടെ കണ്ണിന് നഷ്ടപ്പെട്ട കാഴ്ച തിരിച്ചെത്തിക്കാന്‍ ശസ്ത്രക്രിയ നടത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. ബുധനാഴ്ച വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം ആനയെ ധോണിയിലെത്തി പരിശോധിച്ചിരുന്നു.
പരിശോധനയുടെ വിശദാംശങ്ങള്‍ വനം ഉന്നതോദ്യോഗസ്ഥര്‍ക്ക് കൈമാറിയതിന് പിന്നാലെയാണ് ആനയുടെ വലതുകണ്ണിന് കാഴ്ച വീണ്ടെടുക്കാന്‍ ശസ്ത്രക്രിയ നടത്താന്‍ വനംവകുപ്പ് തീരുമാനിച്ചത്. മുമ്പ് ജനവാസമേഖലയിലിറങ്ങി നടന്നിരുന്ന സമയത്ത് എയര്‍ഗണ്‍ പെല്ലറ്റ് കൊണ്ടാണ് ആനയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതെന്ന് സൂചനയുണ്ട്. ആനയെ പിടികൂടുമ്പോള്‍ വലതുകണ്ണിന് കാഴ്ചക്കുറവുള്ളതായി കണ്ടെത്തിയിരുന്നു. ആനയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി വനംവകുപ്പിനെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആനയുടെ കാഴ്ച വീണ്ടെടുക്കുന്നതിന് സാധ്യമായ എല്ലാ ചികിത്സകളും നടത്താന്‍ വനംവകുപ്പുമേധാവി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാഴ്ചക്കുറവ് പരിഹരിക്കാന്‍ ആനയെ കൂട്ടിലാക്കിയതുമുതല്‍ തുള്ളിമരുന്ന് നല്‍കിവരുന്നുണ്ട്. പാപ്പാന്‍മാര്‍ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും മറ്റും നല്‍കുന്നത്. 20 വയസ്സ് മാത്രമുള്ള 'പി.ടി.7' (ധോണി) ആനയ്ക്ക് മെച്ചപ്പെട്ട ചികിത്സയിലൂടെ കാഴ്ചക്കുറവ് പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.

Latest News