കൊച്ചി- നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ വര്‍ഷം പൂര്‍ത്തിയാകില്ല. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ 2024 മാര്‍ച്ച് 31 വരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിക്ക് കത്തു നല്‍കി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കത്ത് ഇന്ന് പരിഗണിക്കും.
ജൂലായ് 31ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇനി കൂടൂതല്‍ സമയം ചോദിക്കരുതെന്നും സുപ്രീം കോടതി ശക്തമായ ഭാഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ ഇനിയും നിരവധി സാക്ഷികളെ വിസ്തരിക്കാനുണ്ടെന്ന് വിചാരണ ജഡ്ജി പറയുന്നു. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിന്റേതടക്കം ആറ് പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയും വിസ്തരിക്കാനുണ്ട്. വിസ്താരം പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് മൂന്നു മാസം കൂടി വേണ്ടി വരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണല്‍, എറണാകുളം ജില്ലയിലെ കൊമേഷ്യല്‍ അപ്പലേറ്റ് ഡിവിഷന്‍, പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി, തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൂടി തനിക്കുള്ളതിനാല്‍ വിസ്താരം പൂര്‍ത്തിയാക്കി വിധിയെഴുതാന്‍ കൂുടുതല്‍ സമയം ആവശ്യമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.