അബഹ - സ്വന്തം ജീവൻ ബലിനൽകി കൂടപ്പിറപ്പുകളെ രക്ഷിച്ച സൗദി യുവതി റീമാ ബിൻത് മന്നാഅ് റാശിദിന്റെ (21) വിയോഗം നാടിന്റെയാകമാനം നോവായി മാറുന്നു. അസീർ നിവാസിയായ സൗദി പൗരൻ മന്നാഅ് റാശിദും കുടുംബവും അവധിക്കാലം സ്വദേശത്ത് ചെലവഴിക്കാൻ കഴിഞ്ഞ ദിവസം റിയാദിൽ നിന്ന് അസീർ പ്രവിശ്യയിലെ രിജാൽ അൽമഇലെത്തിയപ്പോഴാണ് റീമാ റാശിദിന്റെ ജീവൻ കവർന്നെടുത്ത അപകടമുണ്ടായത്.
രിജാൽ അൽമഇലെ ഹസ്വ പർവത മുകളിൽ കാർ നിർത്തി സൗദി പൗരനും ഒരു മകനും വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഈ സമയത്ത് കാറിൽ റീമയും മറ്റു മൂന്നു സഹോദരങ്ങളുമുണ്ടായിരുന്നു. ഹാന്റ് ബ്രേയ്ക്ക് വലിച്ച് നന്നായി നിർത്തിയാണ് മന്നാഅ് റാശിദ് കാറിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ വൈകാതെ കാർ കൊക്കയുടെ ഭാഗത്തേക്ക് പിന്നിലേക്ക് നിരങ്ങിനീങ്ങാൻ തുടങ്ങി. ഇതോടെ സ്വന്തം ജീവനേക്കാൾ സഹോദരങ്ങളെ സ്നേഹിച്ച ധീരയായ റീമ കാറിൽ തനിക്കൊപ്പം പിൻവശത്തെ സീറ്റിലുണ്ടായിരുന്ന രണ്ടു സഹോദരിമാരെ ഓരോരുത്തരെയായി ഡോറിലൂടെ പുറത്തേക്ക് വലിച്ചിട്ടു. മൂന്നാമത്തെ സഹോദരനെ പുറത്തേക്ക് വലിച്ചിടാൻ ശ്രമിക്കുന്നതിനിടെ കാർ അഗാധമായ കൊക്കയിലേക്ക് പതിക്കുകയും കാറിനകത്തായിരുന്ന റീമ തൽക്ഷണം മരണപ്പെടുകയുമായിരുന്നു. റീമക്കൊപ്പം കാറിലുണ്ടായിരുന്ന പതിനൊന്നുകാരനായ സഹോദരൻ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ ബാലൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഡോറിനു സമീപമുള്ള സീറ്റിലായിരുന്ന റീമക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ സാധിക്കുമായിരുന്നെങ്കിലും സ്വന്തം ജീവൻ തൃണവൽഗണിച്ച് സഹോദരങ്ങളെ രക്ഷിക്കാനാണ് 21 കാരി ശ്രമിച്ചത്. ഈ വർഷം ബിരുദ പഠനം പൂർത്തിയാക്കിയ റീമാ റാശിദ് ജോലിയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശീലനം നേടിവരികയായിരുന്നു. റീമയുടെ അമ്മാവനാണെന്നത് തനിക്ക് ആദരവാണെന്ന് മാതൃസഹോദരൻ റിയാദ് അൽജർഇ പറഞ്ഞു.