സാങ്കേതികവിദ്യ അനുദിനം വികസിക്കുന്ന ഇക്കാലത്ത് കാലഘട്ടത്തിന് അനുസൃതമായി വിപണി ആവശ്യങ്ങൾ പൂർത്തിയാക്കാനുള്ള വൈദഗ്ധ്യം ഇല്ലാത്ത പക്ഷം ആഗ്രഹിക്കുന്ന ഒരു ജോലിയും നേടാൻ നിങ്ങൾക്കു സാധിച്ചെന്നു വരില്ല. നൈപുണ്യ വികസനം കാലഘട്ടത്തിന്റ ആവശ്യമായി മാറുന്നത് ഇവിടെയാണ്. അതിനാൽ ഉദ്യോഗാർഥികളും രക്ഷിതാക്കളും സാമൂഹിക സംഘടനകളുമെല്ലാം ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചാൽ മാത്രേമ തൊഴിൽ മേഖലകളിൽ, പ്രത്യേകിച്ച് വിദേശത്തെ തൊഴിൽ മേഖലകളിൽ തങ്ങളുടെ പിൻഗാമികളെ എത്തിക്കാൻ സാധിക്കൂ.
വിദേശത്തായാലും നാട്ടിലായാലും ഇന്ന് ഏതു മേഖലയിൽ തൊഴിൽ നേടണമെങ്കിലും നൈപുണ്യം ആവശ്യമാണ്. അതായത് യോഗ്യത മാത്രമല്ല, അഭിരുചിയും അനിവാര്യമാണ്. അതല്ലെങ്കിൽ എത്ര വലിയ സ്ഥാപനത്തിൽനിന്ന് യോഗ്യത നേടിയാലും ശരി അതിനനുസൃതമായ ജോലി പരിചയം ഇല്ലെങ്കിൽ ഉന്നത ബിരുദധാരിയാണെങ്കിലും തള്ളപ്പെടും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിനേക്കാളുപരി യോഗ്യതക്കനുസരിച്ച തൊഴിൽ പരിചയമുണ്ടോ എന്നാണ് എവിടെയും പരിശോധിക്കുന്നത്. സാങ്കേതികവിദ്യ അനുദിനം വികസിക്കുന്ന ഇക്കാലത്ത്, കാലഘട്ടത്തിന് അനുസൃതമായി വിപണി ആവശ്യങ്ങൾ പൂർത്തിയാക്കാനുള്ള വൈദഗ്ധ്യം ഇല്ലാത്ത പക്ഷം ആഗ്രഹിക്കുന്ന ഒരു ജോലിയും നേടാൻ നിങ്ങൾക്കു സാധിച്ചെന്നു വരില്ല. നൈപുണ്യ വികസനം കാലഘട്ടത്തിന്റ ആവശ്യമായി മാറുന്നത് ഇവിടെയാണ്. അതിനാൽ ഉദ്യോഗാർഥികളും രക്ഷിതാക്കളും സാമൂഹിക സംഘടനകളുമെല്ലാം ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചാൽ മാത്രമാണ് തൊഴിൽ മേഖലകളിൽ, പ്രത്യേകിച്ച് വിദേശത്തെ തൊഴിൽ മേഖലകളിൽ തങ്ങളുടെ പിൻഗാമികളെ എത്തിക്കാൻ സാധിക്കൂ.
ഇന്ത്യയിൽ പുതുതായി പുറത്തിറങ്ങുന്ന ബിരുദധാരികളിൽ അൻപതു ശതമാനത്തോളം പേർക്കാണ് അഭിരുചിക്കനുസരിച്ച തൊഴിൽ സാധ്യതകളുള്ളത്. ബാക്കിയുള്ളവർ നൈപുണ്യക്കുറവിനാൽ തൊഴിൽ വിപണിയിൽനിന്ന് തഴയപ്പെടുകയാണ്. ഇവിടെയാണ് നൈപുണ്യ വികസനത്തിന്റെ പ്രസക്തി. ഇതു മനസ്സിലാക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും അപര്യാപ്തതകൾ ഏറെയാണ്. കേരളത്തിലെ നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നുണ്ടെങ്കിലും അവയുടെ പദവി ഇന്നും അന്തർദേശീയ നിലവാരത്തേക്കാൾ താഴെയാണ്. കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് (കെയിസ്) കമ്പനിയെ സംസ്ഥാനത്തിന്റെ വിവിധ നൈപുണ്യ വികസന സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിന് നോഡൽ ഏജൻസിയായി സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. കേരളത്തിലെ തൊഴിൽ ശക്തിയെ നൈപുണ്യമുള്ളവരാക്കുന്നതിനും ഇന്ത്യയിലും വിദേശത്തും തൊഴിൽ ചെയ്യുന്നതിന് പ്രാപ്തമായ ലോക നിലവാരത്തിലേക്ക് അവരുടെ നൈപുണ്യങ്ങളെ ഉയർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മറ്റൊന്ന് അധിക കഴിവ് സ്വായത്തമാക്കൽ പദ്ധതി (അസാപ്) ആണ്. കേരളത്തിലെ 22 വ്യവസായ മേഖലകളിലായി 76 നൈപുണ്യ കോഴ്സുകൾ അസാപ് നടത്തുന്നുണ്ട്. അസാപിന്റെ മറ്റൊരു സംരംഭമാണ് കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ. ഐ.ടി.ഐയിലെ വിദ്യാർഥികൾക്കും എംപ്‌ളോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും അധിക കഴിവ് വളർത്താൻ ഓരോ നിയമസഭ മണ്ഡലങ്ങളിലുമുള്ള ഈ പാർക്കുകൾ സഹായകമാണ്. ഇതു കൂടാതെ സംസ്ഥാനത്ത് തൊഴിൽ പരിശീലനം നൽകുന്നവരുടെ സഹായത്തോടെ മോഡുലാർ തൊഴിൽ നൈപുണ്യ പദ്ധതിയുമുണ്ട്. ദേശീയ ഗ്രാമീണ ഉപജീവന (എൻ.ആർ.എൽ.എം) മിഷനിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത നൈപുണ്യ വികസന പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ). 15 നും 35 നും മേധ്യ പ്രായമുള്ള ഗ്രാമീണ യുവാക്കളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസി കുടുംബശ്രീയാണ്. യോഗ്യതകൾക്കൊപ്പം ഇത്തരം പരിശീലന കേന്ദ്രങ്ങളിൽനിന്നു പരിശീലനവും കൂടി സ്വായത്തമാക്കിയാൽ രാജ്യത്തിനകത്തും പുറത്തും തൊഴിൽ സാധ്യതകൾ ഏറെയാണ്.
ഇന്ന് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള രാജ്യമാണ് സൗദി അറേബ്യ. എന്നാൽ പഴയതുപോലെ മൂന്നാം ക്ലാസും ഗുസ്തിയും പഠിച്ച് ഇവിടെ എത്തിയാൽ ജോലി കിട്ടില്ല. അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോൾ നിർമാണ മേഖലയിലടക്കം വിദഗ്ധ തൊഴിലാളികൾക്കു മാത്രമാണ് രാജ്യത്തേക്കു പ്രവേശനം അനുവദിക്കുന്നത്. രാജ്യത്തേക്കു വരുന്ന തൊഴിലാളി അയാളുടെ തൊഴിൽ മേഖലയിൽ പ്രാപ്തനാണോ എന്നു തെളിയിക്കാൻ നമ്മുടെ കൈവശമുള്ള യോഗ്യത സർട്ടിഫിക്കറ്റുകൾ മാത്രം മതിയാവില്ല. സൗദി തൊഴിൽ മന്ത്രാലയത്തിന്റെ പരീക്ഷ കൂടി പാസാകണം. ഇതിനായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം നൈപുണ്യ പരിശോധന പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. അവിദഗ്ധരായിട്ടുള്ളവരുടെ രാജ്യത്തേക്കുള്ള തള്ളിക്കയറ്റം നിയന്ത്രിക്കുന്നതിനു കൂടിയാണിത്. അവിദഗ്ധ തൊഴിലാളികൾ ഏറെയും വന്നിരുന്നത് ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുമാണ്. അതിനാൽ ഈ രാജ്യങ്ങളിലാണ് യോഗ്യത നിർണയ പരീക്ഷ നിർബന്ധമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂൺ മുതലാണ് ഇതിനു തുടക്കം. ജൂലൈ അവസാനത്തോടെ രണ്ടാം ഘട്ടവും ആരംഭിച്ചു. സൗദിയിലെ എല്ലാ തൊഴിൽ മേഖലകളിലേക്കുമുള്ള ലേബർ വിസകൾക്കും പരീക്ഷ പാസാകൽ നിർബന്ധമാണ്. ഇതിനായി തൊഴിൽ മേഖലയെ 29 മേഖലകളാക്കി എല്ലാ ലേബർ പ്രൊഫഷനുകളെയും അതിൽ ഉൾപ്പെടുത്തി ഘട്ടം ഘട്ടമായി പരീക്ഷ നടത്തി വരികയുമാണ്. ഒന്നും രണ്ടും ഘട്ടങ്ങൾ ആരംഭിച്ചതോടെ 71 ഇനം വിസകൾ സ്റ്റാമ്പ് ചെയ്യണമെങ്കിൽ നൈപുണ്യ പരീക്ഷ പാസായ സർട്ടിഫിക്കറ്റ് കൂടി വേണമെന്ന നിബന്ധന വന്നിരിക്കുകയാണ്. ഇലക്ട്രിഷ്യൻ, പ്ലംബിംഗ്, ഓട്ടോമേറ്റീവ് ഇലക്ട്രിഷ്യൻ, ഹീറ്റിംഗ് വെന്റിലേഷൻ ആന്റ് എസി, വെൽഡിംഗ് തുടങ്ങി 29 ഇനം തൊഴിൽ വിസകൾക്കാണ് ആദ്യഘട്ടത്തിൽ പരീക്ഷ നിർബന്ധമാക്കിയത്. കെട്ടിട നിർമാണം, ടൈൽസ് വർക്ക്, പ്ലാസ്റ്ററിംഗ്, മരപ്പണി, കാർ മെക്കാനിക് തുടങ്ങി 42 ഇനം വിസകൾക്കാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പരീക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.
പരീക്ഷ നടത്തിപ്പിന് തൊഴിൽ മന്ത്രാലയം ഇന്ത്യയിൽ വിവിധയിടങ്ങളിൽ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് പരീക്ഷാ കേന്ദ്രം. ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഇതിന്റെ നടത്തിപ്പു ചുമതല. മുംബൈ, ദൽഹി, ചെന്നൈ, ഒറീസയിലെ കട്ടക്, ഉത്തർപ്രദേശിലെ ഖോരക്പൂർ, ലഖ്‌നൗ, ബിഹാറിലെ ഗോപാൽഖഞ്ച്, കൊൽക്കത്ത എന്നിവിടങ്ങളിലും വിവിധ ഏജൻസികളുടെ കീഴിൽ അംഗീകൃത പരീക്ഷ കേന്ദ്രങ്ങളുണ്ട്. സൗദി തൊഴിൽ മന്ത്രാലയത്തിലെ തകാമുൽ വിഭാഗം നേരിട്ടാണ് പരീക്ഷ നടത്തുന്നത്. ആദ്യം കംപ്യൂട്ടർ പരീക്ഷയും ശേഷം പ്രാക്ടിക്കൽ പരീക്ഷയുമാണുള്ളത്. ഓൺലൈൻ ടെസ്റ്റിൽ വിജയിക്കുന്നവർക്കാണ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാനാവുക. പരീക്ഷ ക്യാമറ വഴി തകാമുൽ ഉദ്യോഗസ്ഥർ നിരീക്ഷിക്കും. യോഗ്യത പരീക്ഷ പാസാകുന്നതോടെ സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. അതുണ്ടായാൽ മാത്രേമ നിശ്ചിത ജോലിക്ക് സൗദിയിൽ എത്താൻ കഴിയൂ. ഇത്തരമൊരു സാഹചര്യം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് നമ്മുടെ വരുംതലമുറയെ വാർത്തെടുത്തില്ലെങ്കിൽ സൗദിലെ വിദേശ തൊഴിലാളികളിൽ ഇന്ത്യക്കുള്ള മേധാവിത്വം നഷ്ടമാകും. പ്രവാസി സംഘടനകൾ ജീവകാരുണ്യ, ക്ഷേമ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മാറ്റങ്ങൾക്കനുസരിച്ച അവബോധവും പരിശീലനവും ഇവിടെയുള്ളവർക്കും വരാൻ ആഗ്രഹിക്കുന്നവർക്കും നൽകാൻ കൂടി തയാറായാൽ മാത്രമേ തങ്ങളുടെ സംഘടന ബലം നിലനിർത്താനാവൂ.