കൊല്ലം - ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തില്‍ 200 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ മുഖ്യപ്രതിയുടെ ബിനാമി അറസ്റ്റിലായി. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഷീജയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി. കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാന്‍സ് കമ്പനിയും നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും ഇവര്‍ നടത്തുന്നുണ്ട്. ഷീജയുടെ വീട്ടില്‍ നിന്നും ബി എസ് എന്‍ എല്‍ സഹകരണ സംഘവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പണം ഗോപിനാഥനും കൂട്ടാളികളും പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഷീജാ കുമാരി നടത്തുന്ന സ്ഥാപനങ്ങളില്‍ സഹകരണ സംഘ തട്ടിപ്പില്‍ നിന്ന് നേടിയ പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.