വാഷിംഗ്ടണ്‍- അവിവേകികളായ അഭിഭാഷകര്‍ ട്രംപ് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പറഞ്ഞതാണ് ജനുവരി ആറിലെ കലാപത്തിലേക്ക് വഴിവെച്ചതെന്ന് യു. എസ് മുന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ട്രംപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയ പശ്ചാത്തലത്തില്‍ മുന്‍ പ്രസിഡന്റും തന്റെ മുന്‍ബോസുമായ ഡോണള്‍ഡ് ട്രംപിന് ജനുവരി ആറിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പ്രേരണയെക്കുറിച്ച് കൂടുതല്‍ വിശദമായി വിലയിരുത്തുകയായിരുന്നു അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന മൈക് പെന്‍സ്.
ഭരണഘടനയെക്കുറിച്ചുള്ള തന്റെ സത്യവാങ്മൂലം എങ്ങനെയായിരിക്കണമെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹത്തോട് എന്റെ നിലപാട് പറഞ്ഞപ്പോള്‍ ആത്യന്തികമായി ഭരണഘടനയ്ക്ക് മേല്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെടുന്നത് തുടരുകയാണ് ചെയ്തതെന്നും പെന്‍സ് പറഞ്ഞു. എന്നാല്‍ താനത് ചെയ്യില്ലെന്നും അദ്ദേഹം വിശദമാക്കി.
ഭരണഘടനയ്ക്ക് മുകളില്‍ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുന്ന ആരും ഒരിക്കലും അമേരിക്കയുടെ പ്രസിഡന്റാകാന്‍ പാടില്ല എന്ന് താന്‍ ശരിക്കും വിശ്വസിക്കുന്നതായി പെന്‍സ് പറഞ്ഞു.
വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിനെ തടയുന്നതിലുള്ള പെന്‍സിന്റെ പങ്ക് നൂറിലധികം തവണയാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ഇലക്ടറല്‍ കോളേജ് ഫലങ്ങള്‍ നിരസിക്കാന്‍ പെന്‍സിന് അധികാരമുണ്ടെന്ന ട്രംപിന്റെ കടുംപിടിത്തത്തെയും അധികാരം വിട്ടതിനുശേഷം പെന്‍സ് വിമര്‍ശിച്ചു. 2021ലെ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു ഈ വിമര്‍ശനം.