സൂറത്ത്- കെമിക്കല്‍ ഫാക്ടറി ഗോഡൗണില്‍ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. നീലം ഇന്‍ഡസ്ട്രീസിന്റെ കെമിക്കല്‍ ഗോഡൗണിലാണ് ദുരന്തം സംഭവിച്ചത്. തൊഴിലാളികള്‍ രാസവസ്തുക്കളുടെ ഡ്രമ്മുകള്‍ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മംഗ്രോള്‍ തഹസില്‍ മോട്ട ബൊര്‍സര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇംതിയാസ് പട്ടേല്‍ (45), അമിന്‍ പട്ടേല്‍ (22), വരുണ്‍ വാസവ (22), രാഘറാം (54) എന്നിവരാണ് മരിച്ചത്.
ഗോഡൗണിന്റെ ഉടമയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. മരണത്തിന് കാരണമായ രാസവസ്തു കണ്ടെത്താനായില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് പരിശോധനയ്ക്കായി സ്ഥലത്തെത്തിയ തഹസില്‍ദാര്‍ പാര്‍ഥ ജയ്‌സ്വാള്‍ പറഞ്ഞു. ഫാക്ടറിയിലെ അഞ്ച് തൊഴിലാളികള്‍ രാസവസ്തുക്കളുടെ ഡ്രമ്മുകള്‍ മാറ്റുകയായിരുന്നു. ഡ്രമ്മിന്റെ അടപ്പ് തുറന്നപ്പോള്‍ പുക പടര്‍ന്ന് അഞ്ചുപേരും ബോധരഹിതരായി. ഇവരെയെല്ലാം സമീപത്തുള്ള സാധന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് തൊഴിലാളികളില്‍ നാല് പേര്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു. ഒരാള്‍ ചികിത്സയിലാണെന്നും ജയ്‌സ്വാള്‍ പറഞ്ഞു.
ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ രാസവസ്തുവിന്റെ സ്വഭാവവും തൊഴിലാളികളുടെ മരണത്തിന്റെ കൃത്യമായ കാരണവും പരിശോധിക്കാന്‍ സാമ്പിള്‍ എടുക്കുമെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.