ന്യൂദല്‍ഹി - ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് നിയമനടപടികള്‍ നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ അനധികൃത മണല്‍ ഖനനത്തിനും അന്വേഷണം. സരയൂ നദിയിലെ അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ് ബ്രിജ് ഭൂഷനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണത്തിനായുള്ള ഉത്തരവ്. ജസ്റ്റിസ് അരുണ്‍ കുമാര്‍ ത്യാഗി, ഡോ. എ സെന്തില്‍ വേല്‍ എന്നിവരടങ്ങുന്ന ഡല്‍ഹിയിലെ എന്‍ ജി ടിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവിട്ടത്. അന്വേഷണത്തിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിലെയും അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്.