ധര്‍മശാല- ഇന്ത്യന്‍ വ്യോമ സേനയുടെ മിഗ്-21 പോര്‍ വിമാനം ഹിമാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പഞ്ചാബിലെ പഠാന്‍കോട്ടില്‍ നിന്ന് പരിശീലനാര്‍ത്ഥം പറന്നുയര്‍ന്ന യുദ്ധവിമാനം ഹിമാചലിലെ കാങ്ഗ്ര ജില്ലയിലാണ് തകര്‍ന്നു വീണത്. പഠാന്‍കോട്ട് നാവിക സേനാ താവളത്തിനു സമീപമാണിത്. പറക്കുന്നതിനിടെ ആകാശത്തു വച്ച് തീപ്പിടിച്ച വിമാനം താഴെ വയലില്‍ പതിച്ച ശേഷം കത്തിയമര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് മിഗ് യുദ്ധ വിമാനം തകര്‍ന്നു വീഴുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന പഴക്കം ചെന്ന പോര്‍വിമാനങ്ങളാണ് മിഗ്-21.