ന്യൂദല്‍ഹി- ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശന വിലക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി. ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കഴിഞ്ഞാല്‍ ആര്‍ക്കും അവിടെ പോകാം എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് പ്രവേശന വിലക്കേര്‍പ്പെടുത്തുന്നതെന്ന് ക്ഷേത്ര ഭരണസമിതിയോട് കോടതി ചോദിച്ചു. ജൈവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം വിലക്കുന്നത് ഭരണഘനാ ലംഘനമാണോ എന്നു പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിന്റന്‍ ഫാലി നരിമാന്‍, എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പൊതു ക്ഷേത്രമാണെങ്കില്‍ ആരാധനയ്ക്കു തുല്യാവകാശമാണ് ഉള്ളതെന്നും ഇതു തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.