ന്യൂദല്‍ഹി-മണിപ്പുര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 35 കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്‌കാരച്ചടങ്ങിന് ഒരുക്കങ്ങള്‍ നടക്കേവേ ബിഷ്ണുപുര്‍ ചുരാചന്ദ്പുര്‍ അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം. കൂട്ട സംസ്‌കാരം നടക്കുന്ന ചുരാചന്ദ്പുര്‍ ബിഷ്ണുപുര്‍ അതിര്‍ത്തിഗ്രാമമായ ബൊല്‍ജാങിനായി മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെയാണു വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായത്.
സംസ്‌കാരം നടത്താന്‍ ഉദ്ദേശിച്ച സ്ഥലം മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുര്‍ ജില്ലയിലാണെന്നും ചുരാചന്ദ്പുര്‍ ജില്ലയ്ക്കപ്പുറം സംസ്‌കാരം നടത്തിയാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്റഗ്രിറ്റി (കൊകോമി) മുന്നറിയിപ്പു നല്‍കി. സംസ്‌കാരം അനുവദിക്കില്ലെന്ന് മെയ്തെയ് വനിതാ സംഘടനകളും പറഞ്ഞു. പ്രദേശത്ത് പോലീസിനെയും അസം റൈഫിള്‍സിനെയും വിന്യസിച്ചു.
നേരത്തേ നിശ്ചയിച്ച പ്രകാരം ഇന്ന് 11നു സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) വക്താവ് ഗിന്‍സ വോള്‍സോങ് പറഞ്ഞു. ചുരാചന്ദ്പുര്‍ ജില്ലയുടെ ഭാഗമാണു ബൊല്‍ജാങ് ഗ്രാമമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ചടങ്ങുകളില്‍ മാറ്റങ്ങള്‍ വരുത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലെ സെറികള്‍ചര്‍ ഫാമിനോടു ചേര്‍ന്നാണ് ശ്മശാനം ഒരുക്കുന്നത്. ഇരുവിഭാഗങ്ങള്‍ മുഖാമുഖം ഏറ്റുമുട്ടിയ പ്രദേശങ്ങളിലൊന്നാണ് ബൊല്‍ജാങ്. പ്രദേശത്തെ മെയ്തെയ് വീടുകള്‍ കലാപത്തിന്റെ ആദ്യദിനങ്ങളില്‍ തകര്‍ക്കപ്പെട്ടിരുന്നു.