ന്യൂദൽഹി-നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ സ്ഥാനാർഥികളെ കണ്ടെത്താൻ കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. നാലു സംസ്ഥാനങ്ങളിലേക്കുള്ള സ്ക്രീനിംഗ് കമ്മിറ്റികൾക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് രൂപം നൽകിയതെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
ഗണേഷ് ഗോഡിയാൽ, അഭിഷേക് ദത്ത് എന്നിവരടങ്ങുന്ന രാജസ്ഥാനിലെ സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാനായി പാർട്ടി നേതാവ് ഗൗരവ് ഗൊഗോയിയെ നിയമിച്ചതായി അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന ഘടകം മേധാവി ഗോവിന്ദ് സിംഗ് ദോട്ടസാര, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സംസ്ഥാന ഇൻചാർജ് സുഖ്‌ജീന്ദർ സിംഗ് രൺധാവ, പാർട്ടി. നേതാക്കളായ സച്ചിൻ പൈലറ്റ്, സി.പി. ജോഷിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള പാർട്ടി സെക്രട്ടറിമാരും സ്‌ക്രീനിംഗ് കമ്മിറ്റിയിലെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
അജയ് കുമാർ ലല്ലുവും സപ്തഗിരി ഉലകയും അംഗങ്ങളായ മധ്യപ്രദേശിലെ കമ്മിറ്റിയുടെ ചെയർമാനായി ജിതേന്ദ്ര സിംഗിനെ നിയോഗിച്ചു. മുൻ മുഖ്യമന്ത്രിമാരായ കമൽനാഥ്, ദിഗ്‌വിജയ് സിംഗ്, സിഎൽപി നേതാവ് ഗോവിന്ദ് സിംഗ്, സംസ്ഥാന ഇൻചാർജ് ജെപി അഗർവാൾ, പ്രചാരണ സമിതി ചെയർമാൻ കാന്തിലാൽ ഭൂരിയ, കമലേശ്വർ പട്ടേൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള പാർട്ടി സെക്രട്ടറിമാർ എന്നിവർ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്.
എൽ. ഹനുമന്തയ്യയും മഹിളാ കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസയും അംഗങ്ങളായ ഛത്തീസ്ഗഢ് സ്ക്രീനിംഗ് കമ്മിറ്റിയുടെ ചെയർമാനായി മുൻ കേന്ദ്രമന്ത്രി അജയ് മാക്കനെ ഖാർഗെ നിയമിച്ചു. പാർട്ടി സംസ്ഥാന ഘടകം മേധാവി ദീപക് ബൈജ്, മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ടിഎസ് സിംഗ് ദിയോ, സംസ്ഥാന ഇൻചാർജ് കുമാരി സെൽജ, പാർട്ടി സെക്രട്ടറിമാർ എന്നിവരെയാണ് കമ്മിറ്റിയിലെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായി തെരഞ്ഞെടുത്തത്.
തെലങ്കാനയിൽ കെ മുരിധരനെ ചെയർമാനായും ബാബാ സിദ്ദിഖും ജിഗ്നേഷ് മേവാനിയും കമ്മിറ്റി അംഗങ്ങളായും നിയോഗിച്ചു. സംസ്ഥാന ഘടകം മേധാവി എ രേവന്ത് റെഡ്ഡി, സിഎൽപി നേതാവ് മല്ലു ഭട്ടി വിക്രമാർക, സംസ്ഥാന ഇൻചാർജ് മണിക്റാവു താക്കറെ, പാർട്ടി എംപി ഉത്തം കുമാർ റെഡ്ഡി, പാർട്ടി സെക്രട്ടറിമാർ എന്നിവർ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
ഈ വർഷം അവസാനമാണ് രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ
രാജസ്ഥാനിലും ഛത്തീസ്ഗഡിലും തുടർച്ചയായി രണ്ടാം തവണയും അധികാരം നിലനിർത്താനും തെലങ്കാനയിലും മധ്യപ്രദേശിലും അധികാരം പിടിക്കാനുമാണ് പാർട്ടി ലക്ഷ്യമിടുന്നത്. നാലു സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇതിനകം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.