ന്യൂദൽഹി- നിരവധി പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തതിനു ശേഷം അടച്ച് സീൽ ചെയ്ത ഉപഹാർ സിനിമാ തിയേറ്റർ കെട്ടിടം തുറന്നുകൊടുക്കാൻ 26 വർഷത്തിന് ശേഷം കോടതി ഉത്തരവിട്ടു. കെട്ടിടം തീ വിഴുങ്ങിയതിന് ശേഷം 1997 ജൂൺ 13 നാണ് ഹൗസ് ഖാസ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു.
1997-ൽ ബോർഡർ സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ അഗ്നിബാധ രാജ്യത്തെ ഏറ്റവും വലിയ തീപിടിത്തങ്ങളിലൊന്നായിരുന്നു. ദുരന്തത്തിൽ മരിച്ച 59 പേരിൽ കൂടുതലും കുട്ടികളായിരുന്നു. ഗ്രീൻ പാർക്കിലെ ഉപഹാർ സിനിമാ കെട്ടിടം തുറന്നുകൊടുക്കാൻ ദൽഹി കോടതിയാണ് ബുധനാഴ്ച ഉത്തരവിട്ടത്. കെട്ടിടം പൂട്ടി സീൽ ചെയ്യുന്നതിലൂടെ ഒരു ലക്ഷ്യവും നേടാനില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
1973-ൽ ഗ്രീൻ പാർക്ക് തിയറ്റേഴ്സ് പാട്ടത്തിനെടുത്ത ഭൂമിയിലാണ് തിയേറ്റർ പ്രവർത്തനമാരംഭിച്ചത്. 1996-ൽ ഗ്രീൻ പാർക്ക് തിയറ്ററുകളെ അൻസാൽ തിയേറ്ററുകൾ ആൻഡ് ക്ലബ്ബോട്ടലുകൾ എന്ന് നാമകരണം ചെയ്തു.ക്രിമിനൽ വിചാരണ തീരുന്നത് വരെ ഉപഹാർ സിനിമ സീൽ ചെയ്യണമെന്ന് 2004 ലാണ് സുപ്രീം കോടതി നിർദേശിച്ചത്. 2007ൽ അൻസാൽ തിയേറ്റേഴ്സിന്റെയും ക്ലബോടെലിന്റെയും ഡയറക്ടർമാരായ സുശീൽ അൻസലും ഗോപാൽ അൻസലും ശിക്ഷിക്കപ്പെട്ടു.
വിചാരണ തിർന്നതിനാൽ സ്വത്ത് സീൽ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കെട്ടിടത്തിന്റെ ശരിയായ ഉടമയായ അപേക്ഷകന് വിട്ടുകൊടുക്കാൻ ഉത്തരവിട്ടത്. പട്യാല ഹൗസ് കോടതിയിലെ ജഡ്ജി സഞ്ജയ് ഗാർഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിയറ്റർ ഉടമകൾക്ക് തിരികെ നൽകുന്നതിൽ എതിർപ്പില്ലെന്ന് സിബിഐ, ദൽഹി പോലീസ്, ഉപഹാർ ദുരന്തത്തിന്റെ ഇരകളുടെ അസോസിയേഷൻ (എവിയുടി) കൺവീനർ നീലം കൃഷ്ണമൂർത്തി എന്നിവർ സുപ്രീം കോടതിയെ അറിയിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കെട്ടിടം തുറന്നുകിട്ടുന്നതിന് വിചാരണ കോടതിയെ സമീപിക്കാൻ കഴിഞ്ഞ ഏപ്രിൽ 27ന് ഉപഹാർ സിനിമാ, അൻസാൽ തിയറ്റേഴ്‌സ്, ക്ലബോടെൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഉടമകൾക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു.