കൊല്ലം- അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ ആശ്രമത്തില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കക്കാരിയെ മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി പോലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അമൃതപുരിയില്‍ എത്തിയ 44കാരിയാണ് പീഡനത്തിന് ഇരയായത്. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന് എന്നിവരാണ് പിടിയിലായത്. വിദേശ വനിതയ്ക്ക് മദ്യം നല്കി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം.
രണ്ടുദിവസം മുമ്പാണ് സംഭവം. ആശ്രമത്തിനു സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികള്‍ സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നല്കി. ഇത് നിരസിച്ചതോടെ മദ്യം നല്കി പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റുകയായിരുന്നു. ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്കിയ ശേഷമാണ് പീഡിപ്പിച്ചത്.
അമിതമായ മദ്യം കഴിച്ചതിനാല്‍ ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് ആശ്രമത്തിലെത്തിയ സ്ത്രീ ഇവിടുത്തെ അധികൃതരോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുകയായിരുന്നു. ആശ്രമം അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.