മോസ്‌കോ- യുവതിയെ തട്ടിക്കൊണ്ടുപോയി 14വര്‍ഷം വീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച 51കാരന്‍ പിടിയില്‍. റഷ്യയിലെ വ്‌ളാഡിമിര്‍ ചെസ്‌കിഡോവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ യുവതിയ്ക്ക് 33വയസുണ്ട്. 2009 മുതല്‍ തന്നെ ബന്ദിയാക്കി ആയിരത്തിലധികം തവണ ബലാത്സംഗം ചെയ്തതായി യുവതി ആരോപിക്കുന്നു. വീട്ടില്‍ നിന്ന് യുവതി രക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. വ്‌ളാഡിമിര്‍ ചെസ്‌കിഡോവിന്റെ അമ്മയാണ് യുവതിയെ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് ചെസ്‌കിഡോവ്. യുവതിയ്ക്ക് 19 വയസുള്ളപ്പോളാണ് ഇയാള്‍ തട്ടിക്കൊണ്ടുപോകുന്നത്. പ്രതി വീട്ടില്‍ മദ്യം കുടിക്കാന്‍ 19കാരിയെ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ അവളെ അടിമയാക്കി 14വര്‍ഷം പീഡിപ്പിക്കുകയായിരുന്നു. കത്തി കാട്ടിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ബലാത്സംഗം ചെയ്തിരുന്നത്. ചെറിയ കാര്യങ്ങള്‍ക്കുപോലും യുവതിയെ ആവര്‍ത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തി വീട്ടിലെ ജോലികളും ചെയ്യിക്കും.
മറ്റൊരു യുവതിയെയും ഇയാള്‍ തട്ടിക്കൊണ്ട് വന്ന് പാര്‍പ്പിച്ചിരുന്നു. 2011ല്‍ യുവതിയെ ഒരു വഴക്കിനെ തുടര്‍ന്ന് പ്രതി കൊലപ്പെടുത്തിയെന്നും രക്ഷപ്പെട്ട യുവതി പോലീസിനോട് പറഞ്ഞു. പരാതിയെ തുടര്‍ന്ന് സ്‌മോളിനോ ഗ്രാമത്തിലെ ചെസ്‌കിഡോവിന്റെ ഒറ്റനില വീട്ടില്‍ പോലീസ് പരിശോധന നടത്തി. അവിടെ നിന്ന് സെക്‌സ് ടോയ്‌സും അശ്ലീല സി ഡികളും കണ്ടെത്തി. കൂടാതെ ബേസ്‌മെന്റില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതി ഇപ്പോള്‍ പോലീസ് നിരീക്ഷണത്തില്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലാണ്.