Sorry, you need to enable JavaScript to visit this website.

പത്മശ്രീ തിരിച്ചുനല്‍കാന്‍ ഒരുങ്ങി ശാഹിദിന്റെ ഭാര്യ

വരാണസി - ഹോക്കി രോമാഞ്ചം മുഹമ്മദ് ശാഹിദിന്റെ ഭാര്യ സരമത്തിനൊരുങ്ങുന്നു. ശാഹിദ് മരണപ്പെട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി വിജയ് ഗോയല്‍ വാഗ്ദാനം ചെയ്തതു പോലെ ശാഹിദിന്റെ പേരില്‍ ദേശീയ ചാമ്പ്യന്‍ഷിപ് ആരംഭിച്ചിട്ടില്ലെന്നതാണ് പര്‍വീണിനെ ചൊടിപ്പിച്ചത്. ശാഹിദിന്റെ പത്മശ്രീ, അര്‍ജുന ഉള്‍പ്പെടെയുള്ള നിരവധി ബഹുമതികള്‍ തിരിച്ചുനല്‍കുമെന്നാണ് ഭീഷണി. പര്‍വീണിനെ തണുപ്പിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടിലെത്തി. രണ്ടു ദിവസം കൊണ്ട് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താമെന്ന് വാഗ്ദാനം നല്‍കി.
പര്‍വീണിന് നിരവധി പരാതികളുണ്ടെന്നും അവ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശാഹിദിനൊപ്പം കളിച്ച പ്രമുഖ താരങ്ങളായ സഫര്‍ ഇഖ്ബാലും ധനരാജ് പിള്ളയുമൊക്കെ വരാണസിയില്‍ ശാഹിദിന്റെ പേരില്‍ അക്കാദമി തുടങ്ങുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ലെന്ന് പര്‍വീണ്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ദല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ നേരിട്ട് ബഹുമതികള്‍ തിരിച്ചേല്‍പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പര്‍വീണ്‍ വ്യക്തമാക്കി. 
ശാഹിദിന്റെ കുടുംബം കനത്ത സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നുണ്ട്. ശാഹിദിന്റെ മരണ ശേഷം മകന്‍ മുഹമ്മദ് സെയ്ഫിന് ഡീസല്‍ ലോക്കൊമോട്ടീവ് വര്‍ക്‌സില്‍ ഫിറ്ററുടെ ജോലി നല്‍കിയിരുന്നു. എന്നാല്‍ ശാഹിദിന്റെ പത്മശ്രീ, അര്‍ജുന പെന്‍ഷനുകള്‍ നിര്‍ത്തലാക്കി. സെയ്ഫ് ഷൂട്ടറായിരുന്നു. ജോലി ലഭിച്ചതോടെ പരിശീലനം തുടരാനാവാത്ത അവസ്ഥയായി. ശാഹിദിന്റെ പേരില്‍ പര്‍വീണ്‍ ആരംഭിച്ച ടൂര്‍ണമെന്റിന് സംസ്ഥാന ഗവണ്‍മെന്റിന്റെ പിന്തുണ ആലോചിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. 
ഡ്രിബഌംഗ് മികവ് കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിച്ച ശാഹിദ് 1980 ലെ മോസ്‌കൊ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ടീമിലെ അംഗമായിരുന്നു. 1980 ല്‍ അര്‍ജുനയും 1986 ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു. ദീര്‍ഘകാലം സുഖമില്ലാതെ കിടന്ന ശാഹിദിനെ ആരും തിരിഞ്ഞുനോക്കാതിരുന്നത് വലിയ വിവാദമായിരുന്നു. 2016 ജൂലൈ 20 നാണ് മരിച്ചത്.
 

Latest News