രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

സൂറത്ത്- രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് സൂറത്ത് കോടതി. യൂസഫ് ഹജാത് (23) ആണ് കേസിലെ കുറ്റവാളി. വധശിക്ഷയ്ക്ക് പിന്നാലെ പ്രതി 10 ലക്ഷം രൂപ നഷ്ടപരിഹാരം അടയ്ക്കണമെന്നും ഈ തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 27നാണ് രാജ്യത്തെ തന്നെ നടക്കു ക്രൂര കൊലപാതകം നടക്കുന്നത്. കുട്ടിക്ക് പലഹാരം വാങ്ങി നല്‍കാമെന്ന് മാതാപിതാക്കളോട് വാഗ്ദാനം നല്‍കിയ ശേഷം പ്രതി കുട്ടിയെ എടുത്തുകൊണ്ട് പോവുകയായിരുന്നു. വിജനമായ പ്രദേശത്ത് എത്തിച്ച് ഇയാള്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

പ്രതി കുട്ടിയുമായി പോയി തിരിച്ചെത്താന്‍ വൈകിയതോടെ മാതാപിതാക്കളും പ്രദേശവാസികളും തിരച്ചില്‍ നടത്താന്‍ തുടങ്ങി. എന്നാല്‍ കുഞ്ഞുമായി പോയ ഇരുപത്തിമൂന്നുകാരനെയും കാണാതെ വന്നതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Latest News