ന്യൂദല്‍ഹി- ഭരണപക്ഷവും പ്രതിപക്ഷവും തുടര്‍ച്ചയായി സഭ നടപടികള്‍ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കാതെ സഭയില്‍ പങ്കെടുക്കില്ലെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള തീരുമാനിച്ചതായി പാര്‍ലിമെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് കടുത്ത അതൃപ്തി അറിയിച്ചാണ് നടപടി. ഇന്ന് ലോക്‌സഭയില്‍ ഓം ബിര്‍ള ഹാജരായിരുന്നില്ല. അംഗങ്ങള്‍ സഭയുടെ അന്തസ്സിന് അനുസൃതമായി പെരുമാറുന്നതുവരെ ലോക്‌സഭയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള തീരുമാനിച്ചതായി പാര്‍ലമെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും നടപടികളില്‍ സ്പീക്കര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. എം.പിമാര്‍ സഭയുടെ അന്തസ്സിന് അനുസൃതമായി പെരുമാറുന്നത് വരെ താന്‍ ലോക്‌സഭയിലേക്ക് വരില്ലെന്ന് ബിര്‍ള ഇരുപക്ഷത്തേയും അറിയിച്ചതായും പാര്‍ലമെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.