ചാലക്കുടി- വ്യാജ ലഹരി കേസില്‍ അന്യായ തടങ്കലില്‍ 72 ദിവസം കിടന്ന ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറ് മാസത്തോളമായി ഇത് അടഞ്ഞുകിടക്കുകയായിരുന്നു. പുതിയ കടയ്ക്കും ഷീ സ്റ്റൈല്‍ എന്ന പഴയ പേര് തന്നെയാണ് ഷീല നല്‍കിയിരിക്കുന്ന പേര്.
ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കാന്‍ മലപ്പുറം കേന്ദ്രമാക്കിയ സന്നദ്ധ സംഘടനയാണ് ഷീലയ്ക്ക് സഹായം നല്‍കിയത്. ഇവര്‍ ലഹരി കേസില്‍ അറസ്റ്റിലായതോടെ കടമുറി ഒഴിയാന്‍ അവശ്യപ്പെട്ട ഉടമ തന്നെയാണ് കുടുതല്‍ സൗകര്യങ്ങുളള മുറി ബ്യൂട്ടി പാര്‍ലറിന് നല്‍കിയത്. ബ്യൂട്ടി പാര്‍ലര്‍ ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ ജോസഫാണ് ഉദ്ഘാടനം ചെയ്തത്.
തിരിച്ചുവരവിന് കാരണമായത് കുടുംബത്തിന്റെയും സാമൂഹിക സംഘടനകളുടെയും പിന്തുണയാണെന്ന് ഷീല സണ്ണി പറഞ്ഞു. വ്യാജ എല്‍.എസ്.ഡി സ്റ്റാമ്പ് തന്റെ ബാഗിലും സ്കൂട്ടറിലും വച്ച പ്രതി ആരാണെന്ന് അറിയണമെന്നും നിയമപോരട്ടവുമായി മുമ്പോട്ട് പോകുമെന്നും നമ്മള് തെറ്റ് ചെയ്തിട്ടിലെങ്കില്‍ ആരെയും പേടിക്കണ്ട അവശ്യമില്ലെന്നും എത് പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാമെന്നും ഷീല സണ്ണി പറയുന്നു.
ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ സതീശനും സംഘവും കഴിഞ്ഞ ഫെബ്രുവരി 27 നാണ് എല്‍എസ്ഡി സ്റ്റാമ്പ് കൈവശം വച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത വസ്തു എല്‍ എസ് ഡി അല്ലെന്ന് കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ പരിശോധനാ ഫലം പുറത്തുവന്നെങ്കിലും ഷീല 72 ദിവസം ജയില്‍വാസം അനുഭവിച്ചു കഴിഞ്ഞിരുന്നു. തെറ്റുപറ്റിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതല്ലാതെ വ്യാജ എല്‍.എസ്.ഡി സ്റ്റാമ്പ് ഇവരുടെ ബാഗിലും സ്കൂട്ടറിലും വച്ച പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.