ന്യൂദൽഹി- എല്ലാ കള്ളന്മാർക്കും മോഡി എന്ന പേരുണ്ടല്ലോ എന്ന പരാമർശത്തെ ചൊല്ലിയുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ താൻ കുറ്റക്കാരനല്ലെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ആവർത്തിച്ചു. പരാമർശത്തിന്റെ പേരിൽ മാപ്പ് പറയില്ലെന്നും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ വളരെ നേരത്തെ തന്നെ മാപ്പ് പറയുമായിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി.
മാപ്പ് പറയാൻ വിസമ്മതിച്ചതുകൊണ്ടാണ് ഹരജിക്കാരനായ പൂർണേഷ് മോഡി അഹങ്കാരി പോലുള്ള അപകീർത്തികരമായ ഭാഷ ഉപയോഗിച്ചതെന്നും രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു. കോൺഗ്രസ് നേതാവിന്റെ നിലപാട് ധിക്കാരപരമാണെന്നും ഒരു വിധ ആശ്വാസവും അർഹിക്കുന്നില്ലെന്നും മോഡി കുടുംബപ്പേര് പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ച ക്രിമിനൽ മാനനഷ്ടക്കേസിലെ പരാതിക്കാരൻ തിങ്കളാഴ്ച സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. ഒരു തെറ്റും ചെയ്യാത്ത തന്നെ മാപ്പ് പറയിക്കാനാണ് ക്രിമിനൽ പ്രക്രിയയും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അനന്തരഫലങ്ങളും ദുരുപയോഗം ചെയ്തതെന്നും രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.