Sorry, you need to enable JavaScript to visit this website.

രാമക്ഷേത്ര നിർമാണത്തിൽ മുസ്ലിം തൊഴിലാളികളേയും കരാറുകാരേയും ഒഴിവാക്കണമെന്ന് ശ്രാരാമസേന

ബംഗളൂരു-അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് നിയോഗിച്ച മുസ്ലീം തൊഴിലാളികളെയും കരാറുകാരെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമസേന ദേശീയ അധ്യക്ഷൻ പ്രമോദ് മുത്തലിക്ക് പുതിയൊരു വിവാദത്തിനു തിരികൊളുത്തി. ശ്രീരാമജന്മഭൂമി ട്രസ്റ്റ് അംഗമായ കർണാടകയിലെ പേജാവർ മഠത്തിലെ വിശ്വപ്രസന്ന തീർത്ഥ സ്വാമിജിക്ക് ഇത് സംബന്ധിച്ച് രേഖാമൂലം നിവേദനം നൽകിയതായി പ്രമോദ് മുത്തലിക്ക് ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട്  പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പുനർനിർമ്മാണം ആയിരക്കണക്കിന് ഹിന്ദുക്കളുടെ രക്തവും ത്യാഗവും ചാലിച്ചതാണെന്ന് മുത്തലിക് പറഞ്ഞു.  രാമക്ഷേത്രം തകർത്ത് ബാബരി മസ്ജിദ് വീണ്ടും നിർമ്മിക്കുമെന്ന് തീവ്ര മുസ്ലീങ്ങൾ ഇപ്പോഴും അവകാശപ്പെടുന്നുണ്ട്. ശ്രീരാമക്ഷേത്രം പണിയുന്നതിൽ ഇത്രയും ക്രൂരമായ ചിന്താഗതിയുള്ള സമൂഹത്തെ പങ്കെടുപ്പിക്കാൻ കഴിയില്ല. ശ്രീരാമക്ഷേത്രം കേവലം ക്ഷേത്രമല്ലെന്ന് മുത്തലിക്ക് പറഞ്ഞു. കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ പ്രതിനിധീകരിക്കുന്ന കെട്ടിടമാണിത്.ഇന്ത്യ ശിൽപങ്ങൾക്ക് പേരുകേട്ടതാണ്, വിശ്വകർമ മഹർഷി ഇന്ത്യക്കാരുടെ അഭിമാനമാണ്. ശ്രീരാമമന്ദിർ നിർമാണത്തിന് മുസ്ലിങ്ങളെ നിയമിക്കുന്നത് ശിൽപകലയെ ഉപജീവനമാർഗമാക്കുന്ന വിശ്വകർമ സമുദായത്തിന് അപമാനമാണെന്നും മുത്തലിക് പറഞ്ഞു. ശ്രീരാമക്ഷേത്രം പണിയുന്നതിൽ പങ്കാളികളായ മുസ്ലീം കരാറുകാരെയും തൊഴിലാളികളെയും പിരിച്ചുവിടുകയും ഹിന്ദു കൈത്തൊഴിലാളികളെ നിയമിക്കുകയും വേണം.ഒരു റമസാന്റെ  ഉടമസ്ഥതയിലുള്ള ജിയാ ഉൽ ഉസ്മാനി കമ്പനിക്ക് നൽകിയ കരാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News