Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇമാമിനെ കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ; സംഘർഷത്തിൽ മോനു മനേസറിന്റെ പങ്ക് അന്വേഷിക്കും

ഗുരുഗ്രാം- ഹരിയാനയിലെ വർഗീയ കലാപ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുമെന്നും സംഘർഷത്തിൽ ബജ്‌റംഗ്ദൾ അംഗം മോനു മനേസറിന്റെ പങ്ക് അന്വേഷിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പികെ അഗർവാൾ  പറഞ്ഞു. രണ്ട് പോലീസ്ഹോം  ഗാർഡുകൾ ഉൾപ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്ര തടയാനുള്ള ശ്രമത്തെച്ചൊല്ലി നുഹിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഒരു മസ്ജിദ് ഇമാമും കൊല്ലപ്പെട്ടിരുന്നു.  കഴിഞ്ഞ രണ്ട് ദിവസമായി സംഘർഷം ഗുരുഗ്രാമിലേക്ക് വ്യാപിച്ചു.

മുസ്‌ലിം ആധിപത്യമുള്ള നുഹിലെ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, സോഹ്‌നയിലെ ജനക്കൂട്ടം മുസ്ലിംകളുടെ  നാല് വാഹനങ്ങളും ഒരു കടയും കത്തിച്ചു. ആൾക്കൂട്ടം ഗുരുഗ്രാമിലെ മുസ്ലീം പള്ളി ആക്രമിക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തു.  ഗുരുഗ്രാമിലെ ഭക്ഷണശാല കത്തിക്കുകയും കടകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് ഡി.ജി.പി  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ഗുരുഗ്രാം നിലവിൽ പുർണ്ണമായും സുരക്ഷിതമാണ്. പുതുതായി അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥരെ നുഹിൽ വിന്യസിച്ചിട്ടുണ്ടെന്നും ഭരണകൂടത്തിന്റെ ഉത്തരവുകൾ ലംഘിക്കുന്നവരെ  കർശനമായി നേരിടാൻ പോലീസ് സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അക്രമ കേസുകളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കും, കുറ്റക്കാരെ വെറുതെ വിടില്ല. ബജ്‌റംഗ് ദളിന്റെ മോനു മനേസറിന്റെ പങ്കും അന്വേഷിച്ചുവരികയാണെന്നും അഗർവാൾ പറഞ്ഞു. ഗുരുഗ്രാമിലെ മസ്ജിദിലെ ഇമാമിനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നുഹിൽ ആകെ 41 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്.  116 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  സംശയം തോന്നിയ നൂറിലധികം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹരിയാന ഡിജിപി അറിയിച്ചു.നൂഹിലെ അക്രമത്തിൽ കൊല്ലപ്പെട്ട  രണ്ട് ഹോം ഗാർഡുകളുടെ   കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News