ഇന്‍ഡോര്‍- മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു. ധാദ്രി എന്നു പേരിട്ട പെണ്‍ ചീറ്റയുടെ ജഡമാണ് കണ്ടെത്തിയത്. അഞ്ചു മാസത്തിനിടെ കുനോ വനത്തില്‍് ഒമ്പതാമത്തെ ചീറ്റയാണ് ചത്തത്.
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് 20 ചീറ്റകളെയാണ് എത്തിച്ചത്. ഇന്ത്യയിലെത്തിയതിന് ശേഷം ചീറ്റകളിലൊന്ന് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതില്‍ മൂന്നു കുഞ്ഞുങ്ങളും ചത്തു പോയിരുന്നു. അതോടൊപ്പം ആറു മുതിര്‍ന്ന ചീറ്റകളുമാണ് ചത്തത്.
നിലവില്‍ ഏഴ് ആണ്‍ ചീറ്റകളും ആറു പെണ്‍ ചീറ്റകളും ഒരു കുഞ്ഞു പെണ്‍ ചീറ്റയുമാണ് കുനോയിലുള്ളത്. ഇവയെ പ്രത്യേകം വേലികെട്ടിത്തിരിച്ച പ്രദേശത്താണു സംരക്ഷിക്കുന്നത്. ഇവയെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നുണ്ട്.
കഴുത്തിലെ റേഡിയോ കോളറില്‍ നിന്ന് അണുബാധയുണ്ടായി രണ്ടു ചീറ്റകളാണ് കഴിഞ്ഞ മാസം ചത്തത്. ഇതേത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റകളെ ചികിത്സിക്കുന്ന വിദഗ്ധര്‍ റേഡിയോ കോളര്‍ അഴിച്ചുമാറ്റി മുറിവുകള്‍ വൃത്തിയാക്കി മരുന്നു നല്‍കിയിരുന്നു. വരണ്ട കാലാവസ്ഥയില്‍ നിന്നുമെത്തിയ ചീറ്റകള്‍ക്ക് കുനോയിലെ കനത്ത മഴയും തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടാകുന്നതായാണ് കരുതുന്നത്.