ന്യൂദൽഹി - ഓടുന്ന ട്രെയിനിൽ റെയിൽവെ സുരക്ഷാ സൈനികൻ മൂന്ന് മുസ്‌ലിം യാത്രക്കാരെയും ഒരു പോലീസ് ഓഫീസറേയും ലക്ഷ്യം വെച്ച് നടത്തിയ കൂട്ടക്കൊല രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ പതിവായി മാറിയ സംഘടിത കുറ്റകൃത്യങ്ങളിലെ പുതിയ അധ്യായമാണെമന്ന് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ മലിക് മുഅ്തസിം ഖാൻ. മുസ്‌ലിംകളാണെന്ന കാരണത്താൽ മൂന്ന് യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊന്ന വിദ്വേഷ കുറ്റകൃത്യത്തെ ജമാഅത്തെ ഇസ്‌ലാമി അപലപിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും ജമാഅത്ത് ഉപാധ്യക്ഷൻ ആവശ്യപ്പെട്ടു.
അധികാരകേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്ന തീവ്രവാദവത്കരണവും ധ്രുവീകരണവുമാണ് ഈ വിദ്വേഷ കൊലയിൽ കലാശിച്ചത്. മുസ്‌ലിംകൾക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ മാനസിക രോഗികളായി ചിത്രീകരിക്കുന്നത് ഒരു സമുദായത്തിനുമാത്രം തീവ്രവാദ മുദ്ര നൽകാനാണ്. മാനസിക രോഗികളും ക്ഷിപ്രകോപികളുമായ വ്യക്തികൾക്ക് ആയുധം നൽകി റെയിൽവെ യാത്രക്കാരുടെ സുരക്ഷ ഏൽപിക്കുന്നതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.
മാധ്യമങ്ങളുടെ വിദ്വേഷ പ്രചാരണമാണ് പ്രശ്‌നത്തിന്റെ അടിവേര്. ഇരകളുടെ കുടുംബത്തിന് ആർ.പി.എഫ് നഷ്ടപരിഹാരം നൽകണമെന്നും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും മലിക് മുഅ്തസിം ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.