Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്തെ എല്ലാവരെയും സംരക്ഷിക്കാൻ പോലീസിന് സാധിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ന്യൂദൽഹി- സംസ്ഥാനത്തുടനീളം വർഗീയ സംഘർഷങ്ങൾക്ക് കാരണമാവുകയും ആറ് പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത കലാപത്തിന്റെ പ്രഭവ കേന്ദ്രമായ മോനു മനേസറിനെ കുറിച്ച് സംസ്ഥാനത്തിന് ഒരു വിവരവുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. രാജസ്ഥാൻ സർക്കാരാണ് അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും മനോഹർ ലാൽ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ എല്ലാവരെയും സംരക്ഷിക്കാൻ പോലീസിന് സാധ്യമല്ലെന്നും സമാധാനവും ഐക്യവും നിലനിർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


'അവനെ കണ്ടെത്താൻ സഹായം വേണമെങ്കിൽ, ഞങ്ങൾ സഹായിക്കാൻ തയ്യാറാണെന്ന് ഞാൻ രാജസ്ഥാൻ സർക്കാരിനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ രാജസ്ഥാൻ പോലീസ് അവനെ തിരയുകയാണ്. അവൻ എവിടെയാണെന്ന് ഞങ്ങൾക്ക് ഒരു സൂചനയും ഇല്ല. അവർ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഫെബ്രുവരി മുതൽ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മോനു മനേസർ ഒളിവിലാണ്. ഒളിവിലിരുന്നാണ് പ്രകോപനപരമായ വീഡിയോ ഇയാൾ പുറത്തുവിട്ടത്. 

നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ മതപരമായ ഘോഷയാത്രയിൽ രണ്ടു മുസ്ലിം യുവാക്കളെ ജീവനോടെ ചുട്ടുകൊന്ന കേസിലെ പ്രതി മോനു മനേസർ പങ്കെടുത്തുവെന്ന അഭ്യൂഹമാണ് ആക്രമണത്തിന് വഴിവെച്ചത്. ഘോഷയാത്രയ്ക്ക് നേരെ ചിലർ കല്ലെറിയുകയും കാര്യങ്ങൾ വഷളാവുകയും ചെയ്തു. അർദ്ധരാത്രിക്ക് ശേഷം ഒരു മസ്ജിദ് കത്തക്കുകയും ഇമാമിനെ വെടിവെച്ചു കൊല്ലുകയും ചെയ്തു. നൂറിലധികം വാഹനങ്ങൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു.

തിങ്കളാഴ്ചത്തെ സംഘർഷത്തിന്റെ അലയൊലികൾ ദൽഹിക്ക് തൊട്ടടുത്തുള്ള ഗുരുഗ്രാമിലെ പോഷ് ഏരിയകളിൽ എത്തി. ഇവിടെ  അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ വലിയ സമ്മേളനങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ ഇന്നലെ, 200 പേരടങ്ങുന്ന ഒരു ജനക്കൂട്ടം എത്തി ഒരു റെസിഡൻഷ്യൽ സൊസൈറ്റിക്ക് സമീപമുള്ള ഭക്ഷണശാലകളും കുടിലുകളും കത്തിച്ചു. അതിനിടെ, ഇന്ന് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ദൽഹിയിലുടനീളം പ്രതിഷേധ മാർച്ചുകൾ നടത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 116 പേരെ അറസ്റ്റ് ചെയ്യുകയും 190 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഖട്ടർ പറഞ്ഞു. 'അക്രമത്തിന് ഉത്തരവാദികളായവരിൽനിന്ന് നഷ്ടം ഈടാക്കുമെന്നും ഖട്ടാർ പറഞ്ഞു.
 

Latest News