നാഗാപൂര്‍- മഹാരാഷ്ട്രയിലെ പ്രമുഖ പഞ്ചസാര ഫാക്ടറി ഉടമ വ്യാജ രേഖകള്‍ ചമച്ച് കര്‍ഷകരുടെ പേരില്‍ 5,400 കോടി രൂപയുടെ വായ്പ തരപ്പെടുത്തിയെന്ന് പ്രതിപക്ഷ ആരോപണം. ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ഡെയാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്. പര്‍ഭാനി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗംഗാഖേഡ് ശുഗര്‍ ആന്റ് എനര്‍ജി ലിമിറ്റഡ് ഉടമ രത്‌നാകര്‍ ഗുട്ടെയാണ് വിവിധ ഗ്രൂപ്പ് സ്ഥാപനങ്ങളിലൂടെ കാര്‍ഷിക വായ്പയെന്ന വ്യാജേന ഇത്രയും വലിയ ബാങ്ക് വായ്പ തരപ്പെടുത്തിയതെന്നും ഈ തുക മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും മുണ്ഡെ ആരോപിച്ചു. പണം വകമാറ്റാനായി 22 വ്യാജ കമ്പനികളാണ് ഇദ്ദേഹം രൂപീകരിച്ചതെന്നും മുണ്ഡെ ചൂണ്ടിക്കാട്ടുന്നു.
വിളവെടുപ്പു കാല പദ്ധതി പ്രകാരം 600ലേറെ കര്‍ഷകരുടെ പേരിലാണ് ഗംഗാഖേഡ് ശുഗര്‍ ഫാക്ടറി 2015-ല്‍ ബാങ്ക് വായ്പ തരപ്പെടുത്തിയത്. ഈ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ബാങ്കുകളില്‍ നിന്നും തിരിച്ചടവ് നോട്ടീസുകള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്. 25 ലക്ഷം രൂപ വരെ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചവരും ഈ കര്‍ഷകരിലുണ്ട്, മുണ്ഡെ പറഞ്ഞു. ഫാക്ടറിയുടെ ഭാഗമാണെന്നു പറയപ്പെടുന്ന പല കമ്പനികള്‍ക്കും കാര്യമായ ആസ്തികള്‍ ഇല്ല.
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂലൈ അഞ്ചിന് വ്യവസായി രത്‌നാകര്‍ ഗുട്ടെക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ലെന്നും നീരവ് മോഡിയെ പോലുള്ള വ്യവസായികള്‍ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ പോലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകുന്ന പക്ഷം ഇദ്ദേഹവും രാജ്യം വിട്ടേക്കുമെന്നും മുണ്ഡെ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സര്‍ക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്.